Friday, April 19, 2024
Homeപ്രാദേശികംതിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വാട്ടര്‍ ടാങ്കില്‍ ജീർണ്ണിച്ച മൃതദേഹം

തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വാട്ടര്‍ ടാങ്കില്‍ ജീർണ്ണിച്ച മൃതദേഹം

തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അജ്ഞാത ജഡം കാണാതായ ഡ്രൈവര്‍ കെകെ രാജീവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ പറ്റാത്തവിധം മൃതദേഹം അഴുകിയിരുന്നു. ടാങ്കിന് മുകളില്‍ അഴിച്ചുവച്ച നിലയില്‍ കണ്ടെത്തിയ ചെരിപ്പില്‍ നിന്നാണ് മരിച്ചത് രാജീവ് തന്നെയെന്ന നിഗമനത്തില്‍ എത്തിയിട്ടുള്ളത്.

ഫെബ്രുവരി 17 നാണ് രാജീവിനെ കാണാതായാത്. അന്ന് സിംഗിള്‍ ഡ്യൂ്ട്ടി ചെയ്തതിന് പിന്നാലെയാണ് ഡ്രൈവറായ കുറുപ്പുംതറ കാവുപ്പുരയ്ക്കല്‍ പരേതനായ കുട്ടപ്പന്റെ മകന്‍ കെ കെ രാജീവ് (അജിമോന്‍, 49) അപ്രത്യക്ഷനാവുന്നത്. ഭാര്യ – സൗമ്യ, ഏകമകന്‍ – ദേവദത്ത്. ആറ് വര്‍ഷമായി തിരുവല്ല കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ജോലി ചെയ്തുവരികയാണ് രാജീവ്.
ബസ് സ്റ്റാന്‍ഡിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത ജഡം കണ്ടെത്തിയെന്ന വിവരമാണ് ഇന്ന് ഉച്ചയോടെ പുറത്തുവന്നത്. പ്‌ളംബിങ് ജോലിക്കെത്തിയവരാണ് ടാങ്കിന്റെ മേല്‍മൂടി തുറന്നപ്പോള്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. പുറത്ത് അഴിച്ചുവച്ച നിലയില്‍ ചെരിപ്പും കണ്ടെത്തിയതോടെ അവര്‍ വിവരം അധികൃതരെ അറിയിച്ചു. ആരെങ്കിലും ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയമാണ് ഉയര്‍ന്നത്. ഇതിനിടെ രാജീവിനെ കാണാതായ വിവരവും ചര്‍ച്ചയായി. ഉച്ചയോടെയാണ് ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ പിന്നാലെ അന്വേഷണം തുടങ്ങിയ പൊലീസ് ചെരിപ്പിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് രാജീവിന്റെതാണ് ചെരിപ്പെന്ന് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ബന്ധുക്കളെത്തി ഇക്കാര്യം സ്ഥിരീകരിച്ചു. വാട്ടര്‍ ടാങ്ക് പരിശോധന നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെടുകയും തുടര്‍ന്ന് പരിശോധന നടത്തുകയും ആയിരുന്നു. വാട്ടര്‍ ടാങ്കിന്റെ മാന്‍ ഹോളില്‍ നോക്കിയപ്പോഴാണ് കാല്‍പ്പാദം കാണപ്പെട്ടത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 17 മുതല്‍ രാജീവിനെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

25000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കാണിത്. കെട്ടിടത്തിന്റെ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ടാങ്കാണിത്. ഇതുമൂലമാണ് മരണ വിവരം പുറം ലോകം അറിയാന്‍ വൈകിയത്. അതേസമയം, ഒന്നരമാസത്തിലേറെയായി മരിച്ചിട്ടെങ്കില്‍ ഇതിനകം അറിയാതിരുന്നതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും പൊലീസും എത്തി നന്നേ കഷ്ടപ്പെട്ടാണ് മൃതദേഹം മൃതദേഹം പുറത്തെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments