തൊടുപുഴയിൽ മരിച്ച കുട്ടിയുടെ അമ്മ ഇരയോ? ആത്മഹത്യ ചെയ്യാൻ സാധ്യതയോ ?സത്യമെന്ത് ?

thodupuzha

ക്രൂരമര്‍ദ്ദനമേറ്റ് തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ മരിച്ചത് തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ട്. മര്‍ദ്ദനത്തില്‍ തലയോട്ടി പിളര്‍ന്നിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാള്‍ ഗുരുതരമാണെന്നും പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നു. സ്ഥിതി മോശമായതായി വെള്ളിയാഴ്‌ച ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 11.35-നാണ് കുഞ്ഞിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴു വയസുകാരന്‍റെ ചികില്‍സ മനഃപൂര്‍വം വൈകിപ്പിക്കാന്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തും പ്രതിയുമായ ആനന്ദ് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മദ്യലഹരിയില്‍ ആശുപത്രിയിലെ എത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറാതിരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുണ്‍ എതിര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരുമായി തര്‍ക്കിക്കുകയും ചെയ്‌തു. ഒന്നര മണിക്കൂറോളമാണ് പ്രതി മദ്യലഹരിയില്‍ ആശുപത്രിയില്‍ നിലവിട്ട് പെരുമാറിയത്. അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ കുട്ടി പത്ത് ദിവസമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച 4.30 ന് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍.

ഇതിനിടെ കവയിത്രിയും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ സുഗതകുമാരി അടക്കം പലരും അമ്മയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കയാണ്. അവള്‍ കുറ്റക്കാരിയാണോ എന്ന് കണ്ടെത്തേണ്ടത് പോലീസും നിയമവുമാണ്. അല്ലാതെ സമൂഹമാധ്യമങ്ങളല്ല എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറയുന്നു.

വനിതാക്കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആശുപത്രിയിലെത്തി യുവതിയോട് സംസാരിച്ചിരുന്നു. ‘ ഈ സമൂഹത്തില്‍ നടക്കുന്ന കൊടുംക്രൂരതകളുടെ രഷ്ട്രീയസാമൂഹ്യസാമ്ബത്തിക പശ്ചാത്തലങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ ചിന്തിക്കണം.’-എം.സി.ജോസഫൈന്‍ പറഞ്ഞു.

യുവതിയുടെ അവസ്ഥയറിഞ്ഞ് ആശുപത്രിയിലേക്ക് അവളെ സഹായിക്കാനെത്തിയ കുടുംബശ്രീയുടെ ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്’ കൗണ്‍സിലർ പറയുന്നത് താന്‍ ഒരു ഇരയാണെന്ന് ആ യുവതി ഒരിക്കല്‍ പോലും മനസ്സിലാക്കിയതേ ഇല്ല എന്നാണ്. ‘തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ മാനസികപിന്തുണ നല്‍കാന്‍ ഒരാള്‍ വേണമെന്ന ഒറ്റക്കാരണം കൊണ്ടാണ് അവള്‍ അരുണിനൊപ്പം പോകാന്‍ തയ്യാറായത്’-സ്‌നേഹിത ജെന്‍ഡര്‍ പെല്‍പ് ഡെസ്‌ക് കൗണ്‍സിലര്‍ പറയുന്നു

ഹിന്ദുമതവിശ്വാസത്തിലാണ് ബിജുവും അവളും കുട്ടികളും ജീവിച്ചത്. ബിജുവിന്റെ മാതാപിതാക്കള്‍ പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ബിജുവിന്റെ മൃതദേഹം അടക്കം ചെയ്തതും മാതാപിതാക്കളുടെ മതവിശ്വാസപ്രകാരമാണ്. ഇത് അവളില്‍ കടുത്ത മാനസികപ്രയാസം ഉണ്ടാക്കിയെന്ന് യുവതിയെ അടുത്തറിയുന്ന സൈക്കോളജിസ്റ് പറഞ്ഞു. തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയത്.

“കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെ മാധ്യമങ്ങളടക്കം അവളെ പഴിചാരുകയാണ്. എത്ര നികൃഷ്ടമായ രീതിയിലാണ് പലരും സംസാരിക്കുന്നത്. അവളെ കുറ്റപ്പെടുത്തും മുമ്ബ് നടന്നതെന്താണെന്ന് അറിയാനെങ്കിലും ഈ വാളെടുക്കുന്നവരൊക്കെ തയ്യാറാവണം.”- സൈക്കോളജിസ്റ്റ് അഭിപ്രായപ്പെടുന്നു.

ബിജുവിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ആവശ്യം യുവതിയെ മാനസികമായി തകര്‍ത്തിട്ടുണ്ടെന്ന് സുഹൃത്തായ സൈക്കോളജിസ്റ്റ് പറയുന്നു. ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതാണ്. ബിജുവിന് ബിപിയും കൊളസ്‌ട്രോളുമൊക്കെ ഉണ്ടായിരുന്നെന്നും മരുന്ന് കഴിക്കാന്‍ തയ്യാറല്ലായിരുന്നെന്നും അറിയുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഈ ആവശ്യവുമായി വന്നിരിക്കുന്നത്.

അര്‍ദ്ധരാത്രിയില്‍ നിര്‍ബന്ധപൂര്‍വ്വമാണ് യുവതിയെ അരുണ്‍ യാത്രകളില്‍ കൂടെക്കൂട്ടിയിരുന്നത്. ബാറിലും മറ്റും യുവതിയെ ഒപ്പം കൂട്ടിയിരുന്നത് തിരികെവരും വഴി പോലീസ് പിടിക്കാതിരിക്കാനാണത്രേ.

കുഞ്ഞിന്റെ മരണത്തില്‍ അമ്മ കുറ്റക്കാരിയാണെന്ന് ആക്രോശിച്ചും അവര്‍ക്കെതിരെ ശാപവാക്കുകള്‍ ഉരുവിട്ടും യുവതിയെ പരസ്യവിചാരണയ്ക്കും ശിക്ഷയ്ക്കും വിധിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം ശക്തമായിരിക്കുന്നത്. തീര്‍ത്തും നിസ്സഹായയായി പോയ ഒരു സ്ത്രീയെ വീണ്ടും ഒറ്റപ്പെടുത്താനാണ് സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈ ലോകം മുഴുവന്‍ പഴിച്ചാലും താന്‍ അവളെ കുറ്റപ്പെടുത്തില്ലെന്നും മക്കളോട് സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍ എന്ന് പറഞ്ഞത് ആ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ അമ്മയാണ്. അവര്‍ മാത്രമല്ല അവളുടെ അടുത്ത സുഹൃത്തുക്കളും പറയുന്നത് അങ്ങനെതന്നെയാണ്. യുവതിയെക്കുറിച്ചും ജീവിതത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും കൂടുതലറിയാവുന്ന യുവതിയുടെയും ആദ്യഭര്‍ത്താവിന്റെയും സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റ് പറയുന്നത് അവള്‍ കടുത്ത വിഷാദത്തിനടിപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ എന്നാണ്. കരയാന്‍ പോലുമാകാത്ത മാനസികാവസ്ഥയാണ് അവള്‍ക്കിപ്പോഴുള്ളത്.

താന്‍ ഇരയാക്കപ്പെടുകയായിരുന്നെന്ന ബോധ്യത്തിലേക്ക് ആ യുവതി ഇനിയും എത്തിയിട്ടില്ല. മനസ്സിനേറ്റ മുറിവുകളും കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കിടെ നേരിടേണ്ടി വന്ന അനുഭവങ്ങളുടെ ആഘാതവും വേറെ. ആരുമുണ്ടായിരുന്നില്ല അവളുടെ സഹായത്തിന്. കൂടാതെ ഇവര്‍ക്ക് ആത്മഹത്യാ പ്രവണതയും കൂടുതലാണെന്ന് സൈക്കോളജിസ്റ്റ് പറഞ്ഞു. അവളുടെ ശരീരമാസകലം അരുണ്‍ ആനന്ദ് ഏല്‍പ്പിച്ച മുറിവുകളാണ്. നടന്നതെന്തൊക്കെയാണെന്ന് വേണ്ടുംവിധം മനസ്സിലാക്കാന്‍ പോലും അവള്‍ക്കിനിയും കഴിഞ്ഞിട്ടില്ല എന്നാണു സൈക്കോളജിസ്റ്റ് പറയുന്നത്.

അതേസമയം ഏഴുവയസുകാരന്റെ മരണം ഏല്‍പ്പിച്ച ഹൃദയത്തില്‍ ഏല്‍പ്പിച്ച വേദന മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഗോപിനാഥ് മുതുകാടിന്റെ കുറിപ്പ് വായിക്കാം;

തകരുന്ന ഹൃദയത്തോടെ….. കുഞ്ഞേ മാപ്പ്….

ഒടുവില്‍ ‍ആ ഏഴുവയസ്സുകാര‍ന്‍ മരണത്തിനു കീഴടങ്ങി.. ജീവിതത്തിലേക്കു പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ ഈ കുരുന്ന്.

ഒരു ജീവിതം ആയുസ്സറ്റ് മരണത്തിനു കീഴടങ്ങുമ്ബോള്‍ തലകുനിച്ചു നില്‍‍ക്കുകയാണ് നമ്മുടെ സമൂഹം.

ജീവിതത്തില്‍‍ ഏതൊക്കെയോ ഉന്നതിയിലേക്കു കുതിച്ചു കയറേണ്ട ഒരു നവമുകുളമാണ് കഴിഞ്ഞ പത്തുദിവസത്തോളമായി ജീവിതത്തിനു വേണ്ടി മല്ലടിച്ച്‌ ഒടുവില്‍ കൊഴിഞ്ഞു വീണത്.

ആ മരണ വാര്‍ത്ത മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുകയാണ്. അതൊരു വേദനയാണ്. ഒരിക്കലും ഉണങ്ങാത്ത, ഒടുങ്ങാത്ത തീവ്രമായ വേദന.

ഒരുപക്ഷെ നാളത്തെ ശാസ്ത്രജ്ഞനോ, ഡോക്ടറോ, എന്‍ജിനീയറോ, അതുമല്ലെങ്കില്‍ ഈ നാടു തന്നെ നയിക്കുന്ന തരത്തിലേക്കു വളരേണ്ടവനായിരുന്നിരിക്കണം. വിശാലമായ ആകാശം പോലെ പരന്നു കിടന്ന അവന്റെ ജീവിതത്തിന്റെ വാതില്‍‍ കൊട്ടിയടയ്ക്കപ്പെട്ടു.

വളരുന്ന തലമുറയെന്നാല്‍‍ ഭാവിയുടെ വാഗ്ദാനങ്ങളെന്നാണു പൊതുവേ നാം കരുതിപ്പോരുന്നത്. മുതിര്‍‍ന്നവരുടെ തലമുറയില്‍‍‍പ്പെട്ട ആളുകളേക്കാള്‍ എഴുന്നൂറു മടങ്ങു കാര്യശേഷി കൂടുതലായിട്ടുള്ളവരാണു പുതുതലമുറയില്‍‍ ജനിക്കുന്ന ഓരോ കുട്ടിയും. അത്തരത്തില്‍‍ അനവധി സാധ്യതകളുള്ള ഒരു കുട്ടിയുടെ ജീവനാണ് അതിദാരുണമായി ഇവിടെ അവസാനിച്ചത്.

സാക്ഷരതയില്‍ ഏറ്റവും മുന്‍‍പന്തിയില്‍ നില്‍‍ക്കുന്ന കേരളത്തിലാണ് ഇതു സംഭവിച്ചത് എന്നുള്ളതാണ് ഏറെ വേദനിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള ശിശു ഹത്യകള്‍, സ്ത്രീ ഹത്യകള്‍ ‍ഒരുപാട് നടക്കുന്നതായി നാം കേട്ടിട്ടുണ്ട്. കുറേയൊക്കെ നാം അറിയാതെയും പോകുന്നു. ബാലാവകാശ കമ്മിഷന്‍ കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള നിരവധി പ്രവര്‍‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കേരളം പോലുള്ള മെച്ചപ്പെട്ട സംസ്ഥാനത്ത്, നമ്മുടെ കണ്‍‍മുമ്ബില്‍ ‍ഇത്തരം ഒരു സംഭവം പൊറുക്കാനാവാത്ത ഒരപരാധം തന്നെയാണ്.

എന്തുകൊണ്ട് ഇത്തരത്തിലുള്ള ചിന്താരീതിയിലേക്കു യുവജനങ്ങള്‍ മാറുന്നു..?

സ്വബോധമില്ലാത്ത അവസ്ഥകളില്‍‍ ചേക്കേറുന്നവരിലാണ് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ ഉടലെടുക്കുന്നതായി നാം കാണുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതത്തെ യാതൊരു വീക്ഷണവുമില്ലാതെ കൊണ്ടുപോകുന്ന ക്രമം തെറ്റിയ ഒരു യുവതലമുറ വളരെ വിരളമായെങ്കിലും നമ്മുടെ ഇടയിലുണ്ട്.

ഈയൊരു ദുസ്ഥിതിയില്‍ നിന്നും മാറി നടക്കേണ്ട, ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനസംഖ്യയില്‍‍ രണ്ടു ശതമാനം ആളുകള്‍ ഈ ദുസ്ഥിതി തുടരുന്നവരാണെങ്കില്‍ ‍പോലും നമ്മുടെ സമൂഹത്തിന്റെ ഭാവി ഇരുട്ടിലേക്കു വഴിമാറുമെന്നതില്‍ ‍യാതൊരു തര്‍‍ക്കവുമില്ല.

ഈയൊരു ദാരുണ സംഭവം സമൂഹത്തിനു മുന്നിലേക്കു ചില ചോദ്യങ്ങള്‍‍ ഉയര്‍‍ത്തുന്നു. ജീവിത രീതിയെക്കുറിച്ച്‌, മാനുഷികതയെക്കുറിച്ച്‌, കുട്ടികളോടുള്ള ഇടപെടലുകളെക്കുറിച്ച്‌, ശോഭനമായ ഭാവിയെക്കുറിച്ചുമൊക്കെ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരാവശ്യകത അനിവാര്യമായിരിക്കുന്നു.

അല്ലയോ കുഞ്ഞേ ഞാനുള്‍‍പ്പെടുന്ന ഈ സമൂഹം നിന്നോടു മാപ്പു ചോദിക്കുന്നു. നിന്റെ കണ്ണിലെ പ്രതീക്ഷകളുടെ കിരണങ്ങള്‍‍ അസ്തമിച്ചിരിക്കുന്നു. മിഴികള്‍‍ നിറഞ്ഞൊഴുകുമ്ബോഴും വേദനയോടെ വിലപിക്കുവാനേ കഴിയുന്നുള്ളൂ. മാപ്പ്. അറിവിന്റെ നാട്ടില്‍‍ ഇനി ഒരു കുഞ്ഞുമിഴികളും എന്നെന്നേക്കുമായി അടയാതിരിക്കുവാന്‍‍ നമുക്ക് ഉണര്‍‍ന്നിരിക്കാം. കാരണം കുഞ്ഞുങ്ങള്‍‍ കളങ്കമറിയാത്തവരാണ്. പരിശുദ്ധരാണ്. അവരുടെ ജീവിതത്തിനു തണലായി നിന്നുവേണം നാം ഓരോരുത്തരും പ്രതിബദ്ധത കാട്ടേണ്ടത്.

ആദരാഞ്ജലികളോടെ…

ഗോപിനാഥ് മുതുകാട്

ഏഴു വയസുകാരന്‍ മരിച്ചുവെന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തു വന്നപ്പോൾ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ചു കാത്തിരുന്നവരായിരുന്നു അവരെല്ലാം. പലപ്രായത്തിലുള്ളവരുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, പ്രായമായവര്‍, വീട്ടമ്മമാര്‍… ജീവിതത്തില്‍ ഒരിക്കല്‍ പോലും ആ കുഞ്ഞിനെ കണ്ടിട്ടില്ലാത്തവരായിരുന്നു അവരെല്ലാം.മനസാക്ഷിയുള്ള മലയാളിയുടെ മനസിൽ വിങ്ങലായി ആ പിഞ്ച് കുഞ്ഞ് മാറിയിരിക്കയാണ്.അതേസമയം കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ ആക്രോശങ്ങൾ ഉയരുമ്പോരും അവർ ആത്മഹത്യയുടെ മുനമ്പിലാണെന്ന് മനസ്സിലാക്കുന്നവർ എത്ര പേർ ?