ഏഴ്  ഇന്ത്യൻ എഞ്ചിനീയർമാരെ അഫ്ഗാനിസ്താനില്‍ നിന്ന് തട്ടിക്കൊണ്ടു പോയി

അഫ്ഗാനിസ്താനില്‍ നിന്ന് ഏഴ്  ഇന്ത്യൻ എഞ്ചിനീയർമാരെ തട്ടിക്കൊണ്ടു പോയി. ഉത്തര അഫ്ഗാനിലെ  ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബഗ്ലാൻ മേഖലയിലെ വൈദ്യുത പ്ലാൻറിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടു പോയത്. രാവിലെ ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുകയായിരുന്ന ഇവരെ ആയുധധാരികളായ സംഘമാണ് തട്ടിക്കൊണ്ടു പോയത്. വാഹനം ഒാടിച്ചിരുന്ന അഫ്ഗാൻ സ്വദേശിയെയും കടത്തിയിട്ടുണ്ട്. സംഭവം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെടുന്നതായി വിദേശകാര്യ വക്താവ് വ്യക്തമാക്കി. സംഭവത്തിൻറെ ഉത്തരവാദിത്തം ആരും എറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ 150 ഇന്ത്യന്‍ എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തട്ടിക്കൊണ്ട് പോവലും കൊള്ളയടിക്കലും അഫ്ഗാനില്‍ സാധാരണമാണ്. മോചനദ്രവ്യത്തിന് വേണ്ടിയാണ് പലപ്പോഴും അന്യരാജ്യക്കാരെ തട്ടിക്കൊണ്ട് പോവുന്നത്. 2016ല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യക്കാരിയെ തട്ടിക്കൊണ്ട് പോയിരുന്നു. 40 ദിവസം തടവില്‍ വച്ച ശേഷമാണ് അവരെ മോചിപ്പിച്ചത്.യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ സഹായം ചെയ്യുന്നുണ്ട്. 2001 മുതല്‍ 2 ബില്ല്യണ്‍ യു.എസ് ഡോളര്‍ സഹായധനം നല്‍കിയിട്ടുണ്ട്.