Thursday, April 18, 2024
HomeKeralaസര്‍ക്കാര്‍ വകുപ്പുകളിൽ‌ ആറ് മാസത്തിനകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കും

സര്‍ക്കാര്‍ വകുപ്പുകളിൽ‌ ആറ് മാസത്തിനകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കും

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിൽ‌ ആറ് മാസത്തിനകവും സിവില്‍ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകവും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക് മുഖേന ശമ്പളം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം സ്ഥാപിക്കണമെന്ന് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. ഇതോടെ അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന്‍റെ കീഴിലാകും.സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. നവംബര്‍ മുതല്‍ ഇതുമായി ഹാജര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. പ്രളയം ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ കാരണം ഇത് നീണ്ടുപോകുകയായിരുന്നു. അതിനാണ് ഇപ്പോൾ പൊതുഭരണ വകുപ്പ് വ്യക്തത വരുത്തിയിരിക്കുന്നത്.

വകുപ്പുകളും സ്ഥാപനങ്ങളും മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ വഴിയോ വാങ്ങണം. സംസ്ഥാന വ്യാപകമായി പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതിന്‍റെ പുരോഗതി ഐ.ടി മിഷന്‍ നിരീക്ഷിക്കും. മെഷീനുകള്‍ക്ക് ആവശ്യമായ ആപ്ലിക്കേഷന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ (എന്‍.ഐ.സി) നല്‍കും. യന്ത്രങ്ങൾ ഉപയോഗിക്കേണ്ടതിന് ആവശ്യമായ ആപ്ലിക്കേഷന്‍, പരിശീലനം എന്നിവ എന്‍.ഐ.സി നല്‍കും. ഓരോ വകുപ്പിലും പഞ്ചിങ് സംവിധാനം നടപ്പിലാക്കേണ്ടതിന്‍റെ ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാര്‍ക്കും മേധാവികള്‍ക്കുമാണെന്നും പൊതു ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നു.എല്ലായിടത്തും പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്. പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഇപ്പോള്‍ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments