സിറോ മലബാര്‍ സഭ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു

karidinal george alencherry

സിറോ മലബാര്‍ സഭയിലെ ഭൂമി, വ്യാജരേഖ വിവാദങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച്‌ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്മാറ്റം. ഭൂമി വിവാദത്തില്‍ റോമില്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയില്ലെന്നും റോമിന്റെ കണ്ടെത്തലുകള്‍ക്കും അംഗീകാരത്തിനും ശേഷം മാത്രമേ നിജസ്ഥിതി വെളിപ്പെടൂ എന്നും കെസിബിസി വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം പള്ളികളില്‍ വായിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയത് കെസിബിസി യോഗതീരുമാനത്തിന് വിരുദ്ധമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത പ്രതികരിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ അഴിമതിയില്ലെന്നും ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളില്‍ത്തന്നെ പരിഹരിക്കുമെന്നും കെസിബിസി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കാന്‍ തീരുമാനിച്ചിരുന്നത് .