രാജ്യത്ത് ആദ്യമായി കൊച്ചിയിൽ മോഷ്ടാക്കളെ പിടിക്കാൻ സിംസ്‌

thief

രാജ്യത്ത് ആദ്യമായി കൊച്ചി നഗരത്തില്‍ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം(സിംസ്) നടപ്പാക്കുകയാണു കേരള പൊലീസ്. മോഷ്ടാക്കളെയും അതിക്രമിച്ചു കടന്ന് ആക്രമണം നടത്തുന്നവരെയും ഉടനടി പിടിക്കാന്‍ സഹായകമാകുന്ന സംവിധാനമാണിത്. കെല്‍ട്രോണുമായി കൈകോര്‍ത്താണ് ആഭ്യന്തര വകുപ്പ് സിംസ് സുരക്ഷ യാഥാര്‍ഥ്യമാക്കുന്നത്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തായിരിക്കും സിംസ് കണ്‍ട്രോള്‍ റൂം. ജൂലൈ ആദ്യ വാരം പദ്ധതി ആരംഭിക്കും. വൈകാതെ ജില്ലയുടെ മറ്റു മേഖലകളിലേക്കും ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കും. പൂര്‍ണസജ്ജമാകുന്നതോടെ, സിംസ് പരിരക്ഷയുള്ള സ്ഥാപനങ്ങള്‍ 24 മണിക്കൂറും പൊലീസിന്റെ കര്‍ശന സുരക്ഷാവലയത്തിലാകും.

സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ള സ്ഥാപനത്തിലേക്കു പൂട്ടോ വാതിലോ ഭിത്തിയോ തകര്‍ത്തോ, അസമയത്താണെങ്കില്‍ താക്കോല്‍ ഉപയോഗിച്ചോ കടക്കാനുള്ള ശ്രമം സെന്‍സറുകള്‍ കണ്ടെത്തും. 3 മുതല്‍ 7 സെക്കന്‍ഡിനുള്ളില്‍ കണ്‍ട്രോള്‍ റൂമിലേക്കു നിശ്ശബ്ദമായി സന്ദേശം കൈമാറുകയും അവിടെയുള്ള അലാം മുഴങ്ങുകയും ചെയ്യും. ഒപ്പം കണ്‍ട്രോള്‍ റൂമിലെ സ്ക്രീനില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ തെളിയും. സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പ്, മോഷണം നടക്കുന്ന കെട്ടിടത്തിന്റെ സൈറ്റ് മാപ്പ്, സ്ഥലത്തെ പൊലീസ് സ്റ്റേഷന്റെ ഫോണ്‍ നമ്ബര്‍ എന്നിവയും വിവിധ സ്ക്രീനുകളിലായി ലഭിക്കും. ഈ വിവരങ്ങളെല്ലാം സംഭവം നടക്കുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുള്ള പട്രോളിങ് വാഹനത്തിലെ മോണിറ്ററിലും അപ്പോള്‍ത്തന്നെ ലഭ്യമാകും. ഇതോടൊപ്പം ലോക്കല്‍ കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോണ്‍ നമ്ബറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും.

സ്ഥാപനത്തില്‍ ആളുള്ള സമയത്തു തന്നെയാണു കവര്‍ച്ചാശ്രമമോ അക്രമമോ നടക്കുന്നതെങ്കില്‍ ജീവനക്കാര്‍ക്കു തന്നെ അക്രമികളുടെ ശ്രദ്ധയില്‍പ്പെടാതെ കണ്‍ട്രോള്‍ റൂമിലേക്ക് അപായ സന്ദേശം കൈമാറാനുള്ള സംവിധാനവുമുണ്ട്. സ്ഥാപനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ‘പാനിക് കിക് ബാര്‍’ മുഖേനയാണ് ഇതു സാധ്യമാകുന്നത്. കാലിന്റെ ഒരു ചെറു സ്പര്‍ശം കൊണ്ട് ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം.