വിഖ്യാത സ്വീഡിഷ് കാര്‍ കമ്പനിയായ വോള്‍വോ ഇലക്ട്രിക് കാറുകള്‍ മാത്രമേ പുറത്തിറക്കൂവെന്ന് പ്രഖ്യാപിച്ചു. പെട്രോള്‍-ഡീസല്‍ കാര്‍ ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തും. കാര്‍ ഉല്‍പ്പാദകരംഗത്തെ നിര്‍ണായക ചുവടുമാറ്റമാണിതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 2019 മുതലുള്ള എല്ലാ പുതിയ മോഡലുകളും പൂര്‍ണമായും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആകുമെന്ന് വോള്‍വോ കാര്‍ ഗ്രൂപ്പ് വെളിപ്പെടുത്തി. ജര്‍മന്‍ ആഡംബര നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്യു എന്നീ കമ്പനികളോട് മികച്ച മത്സരത്തിനാണ് വോള്‍വോ ഒരുങ്ങുന്നത്. പുതിയ ഡീസല്‍ എന്‍ജിനുകള്‍ കമ്പനി ഇനി മുതല്‍ വികസിപ്പിക്കില്ല. ഡീസല്‍ എന്‍ജിനുകളിലെ നൈട്രജന്‍ ഓക്‌സൈഡ് മലിനീകരണ നിയന്ത്രണത്തിനുള്ള ചെലവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നു കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഹാകന്‍ സാമുവല്‍സന്‍ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ വോള്‍വോയില്‍ നിന്നു കൂടുതല്‍ പുതുതലമുറ ഡീസല്‍ എന്‍ജിനുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലാണു നിലവില്‍ വോള്‍വോ.
2021നകം ഇലക്ട്രോണിക് കാറുകളുടെ അഞ്ച് മോഡല്‍ പുറത്തിറക്കുമെന്നും പൂര്‍ണമായും ഉപയോക്താക്കളുടെ താല്‍പ്പര്യം മാനിച്ചാണ് ഈ ചുവടുമാറ്റമെന്നും കമ്പനി അറിയിച്ചു. അതേസമയം നിലവിലുള്ള ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ വിപണിയില്‍ തുടരുമെന്നു ഹാകന്‍ സാമുവല്‍സന്‍ വിശദീകരിച്ചു. 2013ല്‍ അവതരിപ്പിച്ച ഈ എന്‍ജിനുകള്‍ സമീപ ഭാവിയിലെ മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്നുണ്ട്. അതേസമയം, വരുംകാലത്തു നിശ്ചയിച്ചേക്കാവുന്ന ഉന്നത മലിനീകരണ നിയന്ത്രണ നിലവാരം ആര്‍ജിക്കാന്‍ ഇത്തരം ഡീസല്‍ എന്‍ജിനുകളില്‍ കനപ്പെട്ട നിക്ഷേപം ആവശ്യമായി വരും. അതുകൊണ്ടുതന്നെ പുതിയ ഡീസല്‍ എന്‍ജിനുകള്‍ ആദായകമാവില്ല. അതേസമയം ഇപ്പോഴുള്ള ഡീസല്‍ എന്‍ജിന്‍ ശ്രേണി 2023 വരെ തുടരാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പൂര്‍ണമായും വൈദ്യുതിയില്‍ ഓടുന്ന കാര്‍ 2019ല്‍ നിരത്തിലെത്തിക്കാനാണു വോള്‍വോയുടെ പദ്ധതി. ജനങ്ങളെ ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള വൈദ്യുത കാര്‍ അവതരിപ്പിക്കാന്‍ ടെസ്ല കാട്ടിയ മികവ് അംഗീകരിക്കപ്പെടേണ്ടതാണെന്നു സാമുവല്‍സന്‍ അഭിപ്രായപ്പെട്ടു.
മികച്ച ഗുണനിലവാരവും ആകര്‍ഷക രൂപകല്‍പ്പനയും സാധ്യമായാല്‍ വോള്‍വോയ്ക്കും ഈ വിഭാഗത്തില്‍ ഇടംപിടിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മലിനീകരണ നിയന്ത്രണ നിലവാരം ഉയരുന്നതോടെ ഡീസല്‍ കാറുകളുടെ വില കുത്തനെ ഉയരുമെന്ന് സാമുവല്‍സന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.