ഹാപ്പി രാജേഷ് വധക്കേസില്‍ ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവില്ലാത്തതിനാല്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. ഡിവൈ.എസ്.പി. സന്തോഷ് നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടന്‍, പെന്റി എഡ് വിന്‍, കൃഷ്ണ കുമാര്‍, സൂര്യദാസ് നിഥിന്‍ അടക്കം ഏഴു പേരായിരുന്നു പ്രതികള്‍.
ഒരു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി ഇന്ന് വിധി പറഞ്ഞത്. 2016ല്‍ ആദ്യം ആരംഭിച്ച വിചാരണ സി.ബി.ഐ സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് രണ്ട് മാസം നിര്‍ത്തിവെച്ചിരുന്നു.
2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍വെച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം അയാളുടെ തന്നെ ഓട്ടോറിക്ഷയില്‍ കിടത്തി വിക്ടോറിയ ആശുപത്രിക്കു മുന്‍പില്‍ ഉപേക്ഷിച്ചതായും സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താന്‍, ബാബു കുമാര്‍, ജിണ്ട അനി എന്നിവര്‍ക്കു നേരെയുണ്ടായ വധശ്രമ കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ കേസ്. 127 സാക്ഷികളെയാണ് വിചാരണ വേളയില്‍ വിസ്തരിച്ചത്.