മന്ത്രവാദിയായ കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകം;മന്ത്രവാദശക്തിക്കും സ്വത്തിനും വേണ്ടി

vannapuram murder

ദുർമന്ത്രവാദിയായ കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളുമാണെന്ന കണ്ടെത്തലിലാണ് പൊലീസ്. ദുര്‍മന്ത്ര ഉപാസകനായിരുന്ന പ്രതി തന്റെ കര്‍മ്മങ്ങള്‍ ഫലിക്കാതെ വന്നതിന് പിന്നില്‍ ദുര്‍മന്ത്രവാദിയായ കൃഷ്‌ണന്റെ ചെയ്‌തികളാണെന്ന് വിശ്വസിച്ചതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. മന്ത്രവാദശക്തിയും സ്വത്തും കൈക്കലാക്കാനാണ് കമ്പകക്കാനത്ത് കുടുംബത്തെ കൂട്ടക്കൊല ചെയ്തതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് വിശദീകരിച്ചു. മരണപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അടിമാലിക്കാരന്‍ അനീഷ് കാരിക്കോടുള്ള ലിബീഷ്(28) എന്നിവര്‍ ഇരുപത്തൊന്‍പതാം തീയതി 12 മണിക്ക് ശേഷം ക്രൂര കൃത്യം നടപ്പാക്കുകയായിരുന്നു. ഇതില്‍ ലിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ച് കൊല്ലമായി പരസ്പരം അറിയാവുന്ന ഇരുവരും ചേര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേരെ ബുള്ളറ്റിന്റെ ഷോക്‌അപ്പ്‌സറിന് അടിച്ചാണ് കൊന്നത്.വീട്ടില്‍ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തില്‍ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. മന്ത്രവാദം പഠിക്കാനാണ് അനീഷ് കൃഷ്ണന്റെ അടുത്ത് എത്തിയത്. കൃഷ്ണന്റെ ശക്തിയില്‍ അനീഷിന് പൂര്‍ണ്ണ വിശ്വാസമായിരുന്നു. 300 മൂര്‍ത്തികളുടെ കരുത്തുള്ള ഗുരുനാഥനില്‍ നിന്ന് മന്ത്രങ്ങളും തന്ത്രങ്ങളും അനീഷ് പഠിച്ചു. മറ്റൊരു ഗുരുവും അനീഷിനുണ്ടായി. ഇങ്ങനെ രണ്ട് പേരില്‍ നിന്നും ആഭിചാര ക്രിയ പഠിച്ച അനീഷിനും കിട്ടി ഒരു മൂര്‍ത്തിയുടെ ശക്തി. ഈ മൂര്‍ത്തിയെ കിട്ടിയതോടെ അനീഷ് സ്വന്തമായി കേസുകള്‍ ഏറ്റെടുത്തു. അനീഷ് ചെയ്യുന്ന പൂജകള്‍ ഈ അടുത്ത കാലത്തായി ഫലിക്കാതെ വന്നു. അതിന്റെ കാരണം, അനീഷിലുള്ള ശക്തി കൃഷ്ണന്‍ കൈക്കലാക്കിയെന്ന് അനീഷ് വിശ്വസിക്കാന്‍ ഇടയാകുകയായിരുന്നുവെന്നും കൊലപാതകത്തിന്റെ പ്രധാന കാരണം ഇതാണെന്നും പൊലീസ് വിശദീകരിച്ചു . ഇതോടെ ഗുരുവിനെ കൊന്ന് തന്റെ ശക്തിയും ഒപ്പം 300 മൂര്‍ത്തികളുടെ അനുഗ്രഹമുള്ള കൃഷ്ണന്റെ ശക്തിയും തട്ടിയെടുക്കാന്‍ അനീഷ് തീരുമാനിച്ചു. ആറുമാസമായി നടത്തിയ ഗൂഢാലോചന ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ നടപ്പിലാക്കിയത്.29ന് അനീഷ് അടിമാലിയില്‍ നിന്നും എട്ടര മണിയോടെ തൊടുപുഴയിലെത്തി.ബുള്ളറ്റിന്റെ ഷോക്ക് അബ്‌സോര്‍ബറിനകത്തുള്ള രണ്ട് പൈപ്പ് കൊലയാളികള്‍ കരുതിയിരുന്നു. ഒന്‍പതുമണിയോടെ മൂലമറ്റത്ത് ചൂണ്ടയിടാന്‍ പോയി. 12 മണി വരെ സമയം ചിലവഴിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. മദ്യലഹരിയിലുമായിരുന്നു ഇരുവരും. അനീഷിന്റെ ബൈക്കായിരുന്നു യാത്രകള്‍ക്കായി ഉപയോഗിച്ചത്. ഇരുവരും ഫോണുകള്‍ വീട്ടില്‍ വച്ചു.പന്ത്രണ്ടുമണിയോടടുപ്പിച്ച്‌ മദ്യപിക്കാനായി മുട്ടം ബാറിലും ഇവര്‍ ചെന്നിരുന്നതായി പൊലീസ് പറഞ്ഞു.പന്ത്രുണ്ടമണിക്ക് ശേഷമാണ് കൃഷ്ണന്റെ വീട് ലക്ഷ്യമാക്കി ഇരുവരും പോയത്. വീടുമായി മറ്റുള്ളവര്‍ക്ക് യാതൊരു വിധത്തിലുള്ള ബന്ധങ്ങളും കാലങ്ങളായി ഇല്ലാത്തതും ധൈര്യമായി കൊലനടത്താന്‍ ഇവരെ സഹായിച്ചു. കൊലപാതകികള്‍ കൃഷ്ണന്റെ വിട്ടിലെത്തി ആദ്യം ഫ്യൂസ് ഊരുകയായിരുന്നു. കൃഷ്ണനെ പുറത്തേക്കിറക്കാന്‍ ആടിനെ പൈപ്പുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു. ആടിനെ നന്നായി പരിചരിക്കുന്ന വ്യക്തിയാണ് കൃഷ്ണന്‍ എന്ന് അനീഷിന് അറിയാമായിരുന്നു.ടോര്‍ച്ചുമായി അടുക്കള വാതില്‍ക്കല്‍ പതുങ്ങി നിന്ന കൊലയാളികള്‍ ആടിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ഷോക്ക് അബ്‌സോര്‍ബറിന്റെ പൈപ്പുകൊണ്ട് തലക്കടിച്ച്‌ വീഴ്ത്തി. പിന്നാലെ എത്തിയ ഭാര്യയേയും അടിച്ചു. അക്രമം തടഞ്ഞ ഭാര്യയെ പിന്നാലെ ചെന്ന് അടിച്ചുവീഴത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മകള്‍ കയ്യില്‍ കരുതിയ കമ്ബിവടികൊണ്ട് അനീഷിനെ അടിച്ചു. തുടര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു. മകളുടെ അടിയില്‍ അനീഷിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. അമ്മയ്ക്ക് പിന്നാലെ അടുക്കള ഭാഗത്തേയ്‌ക്കോടിയ മകളെയും അനീഷ് അടിച്ചുവീഴത്തി. മകനേയും പൈപ്പുകൊണ്ടടിച്ചു. വാക്കത്തി കൊണ്ട് വെട്ടുകയും ചെയ്തു. എല്ലാവരേയും പിന്നീട് വാക്കത്തി കൊണ്ട് വെട്ടി മരണം ഉറപ്പിക്കുകയായിരുന്നു.  മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങള്‍ കൈക്കലാക്കി.കൃത്യം നാലുമണിയോടെയാണ് പൂര്‍ത്തിയാക്കിയത്. മരണം ഉറപ്പുവരുത്താന്‍ നാലുപേരെയും വീണ്ടും വീണ്ടും വാക്കത്തികൊണ്ട് കുത്തുകയായിരുന്നു.കൃഷ്ണനുള്ള അതീന്ദ്രീയ ശക്തികള്‍ ഇതോടെ തന്നില്‍ വന്നു ചേര്‍ന്നുവെന്ന് അനീഷും കരുതി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും സമീപവാസികളുടെ മൊഴിയുമാണ് നിര്‍ണ്ണായകമായത്.