Thursday, April 18, 2024
HomeKeralaവാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോർട്ടാണ് ജാമ്യം ലഭിക്കാൻ സഹായകരമായത്. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. വാഹനാപകടക്കേസിൽ റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് എങ്ങനെ മനസിലായെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പൊലീസിനോട് കോടതി ചോദിച്ചിരുന്നു.

കെമിക്കൽ ലാബിൽ നിന്നുള്ള രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെമിക്കൽ ലാബിൽ നടത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് വിവരം. അപകടം നടന്ന് ഒമ്പത് മണിക്കൂറിനു ശേഷമാണ് പരിശോധനയ്ക്കായി ശ്രീറാമിന്റെ രക്തമെടുത്തത്. ഇതാണ് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള നിർണായക രാസപരിശോധനാഫലം ശ്രീറാമിന് അനുകൂലമാകാനിടയാക്കിയത്. രക്തപരിശോധന വൈകിപ്പിച്ച് പൊലീസ് ഇതിന് ഒത്താശ ചെയ്‌തെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു.

ജാമ്യാപേക്ഷയിൽ പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദം നടത്തി. രാഷ്ട്രീയക്കാർ ശ്രീറാമിനെ സർവീസിൽ നിന്ന് നീക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണവും, തെളിവെടുപ്പും വേണമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേ സമയം ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന വഫയുടെ രഹസ്യമൊഴി പുറത്ത് പോയതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments