നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് 57 ദിവസത്തിന് ശേഷം ജയിലിന് പുറത്തിറങ്ങി. 8.10ഓടെ വീട്ടിലെത്തി.അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ദിലീപിന് മജിസ്‌ട്രേട്ട് കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സുരക്ഷക്ക് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാര്‍ മഫ്തിയിലും നില്‍ക്കുന്നുണ്ട്.
പിതാവിന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി നടൻ ദിലീപ് ആലുവയിലെ വീട്ടിലെത്തി. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിലെത്തിയിരുന്നു. രാവിലെ ദിലീപിനെ ജയിലിൽനിന്നു പുറത്തിറക്കുന്നതു കാണുന്നതിനായി വൻ ജനക്കൂട്ടമാണ് ജയിലിനു പുറത്ത് ഒത്തുകൂടിയിരുന്നത്. വീടിനു പുറത്തും വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അങ്കമാലി മജിസ്ട്രേറ്റി കോടതി രണ്ടു മണിക്കൂറത്തേക്കാണ് ദിലീപിന് ഇളവ് അനുവദിച്ചത്. ആലുവ ഡിവൈഎസ്പിക്കാണ് ദിലീപിന്റെ സുരക്ഷ ചുമതല. മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്. എട്ടു മുതൽ പത്തുവരെയാണ് ദിലീപിന് ഇളവ് അനുവദിച്ചിരിക്കുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.