ഡോക ലാ പ്രതിസന്ധി അടക്കം പഴയ കാര്യങ്ങൾ പിന്നിലേക്കു തള്ളി സഹകരിച്ചു മുന്നേറാൻ ഇന്ത്യയും ചൈനയും. ഇവിടെ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. നേതാക്കളുടെ ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. ഫലപ്രദമായിരുന്നു ചർച്ച എന്നു പിന്നീടു മോദി ട്വീറ്റ് ചെയ്തു.
ഡോക ലായിലെ സംഘർഷം ചർച്ച ചെയ്തു. പക്ഷേ അതു മറ്റു കാര്യങ്ങൾക്കു തടസമായില്ല. ഇതേപ്പറ്റി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞത് ഇതാണ്: മുന്നോട്ടുള്ള കാര്യങ്ങളാണു ചർച്ച ചെയ്തത്; പഴയ കാര്യങ്ങളല്ല.
പരസ്പരം ബഹുമാനിക്കുകയും പൊതുമേഖലകൾ കണ്ടെത്തുകയും അഭിപ്രായഭിന്നത മാറ്റിവച്ച് അതിർത്തിയിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുകയും വേണമെന്നു ഷി ചർച്ചയിൽ ആവശ്യപ്പെട്ടു. അതിർത്തിയിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാൻ ഇരുപക്ഷവും പരിശ്രമിക്കുമെന്നു മോദിയും പറഞ്ഞതായി ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു.
സാന്പത്തിക, സൈനിക, സുരക്ഷാ രംഗങ്ങളിൽ സംയുക്ത സമിതികൾ ഉണ്ടാക്കുന്നതിനെപ്പറ്റി ചർച്ച നടന്നു. സൈനികതലത്തിലും സുരക്ഷാതലത്തിലും ഇരുരാജ്യങ്ങളുടെയും ആൾക്കാർ കൂടുതൽ അടുത്ത സന്പർക്കം പുലർത്തണമെന്നു ധാരണയായി. പരസ്പരം ബഹുമാനത്തോടെയും ബന്ധം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയും അഭിപ്രായ ഭിന്നതകൾ കൈകാര്യം ചെയ്യാനും ധാരണയായി. സംയുക്ത സമിതികളെപ്പറ്റി ഇനിയൊരു ഉന്നതതല ചർച്ചയിലേ പ്രഖ്യാപനം ഉണ്ടാകൂ.
പരസ്പരം ഭീഷണിയായല്ല അവസരമായാണ് ഇന്ത്യയും ചൈനയും കാണേണ്ടതെന്നു ഷി പറഞ്ഞു. പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ പഞ്ചശീലതത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യയോടൊപ്പം പ്രവർത്തിക്കുമെന്നും ഷി പറഞ്ഞു.
പഞ്ചശീലം
1954-ൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻലായിയും ഡൽഹിയിൽ ഒപ്പുവച്ച കരാറിലാണു പഞ്ചശീലതത്ത്വങ്ങൾ ഉള്ളത്. സമാധാനപരമായ സഹവർത്തിത്വത്തിനുള്ള പഞ്ചശീലതത്വങ്ങൾ ഇനി പറയുന്നു.
1. പരസ്പരം അഖണ്ഡതയും പരമാധികാരവും ബഹുമാനിക്കുക.
2. പരസ്പരം ആക്രമിക്കാതിരിക്കുക
3. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
4. പരസ്പര നന്മയ്ക്കായി സമഭാവനയോടെയും സഹകരണത്തോടെയും നീങ്ങുക
5. സമാധാനപരമായി സഹവർത്തിക്കുക.
അസ്താന മുതൽ ഷിയാമെൻ വരെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും നാലുമാസത്തിനിടെ മൂന്നാം തവണയാണു കണ്ടുമുട്ടിയത്. രണ്ടു തവണ ഉഭയകക്ഷി ചർച്ച നടന്നു. ഒരു തവണ കണ്ടു, കൈ കുലുക്കി, പിരിഞ്ഞു.
* ജൂൺ ഒന്പതിനാണു കസാഖിസ്ഥാൻ തലസ്ഥാനമായ അസ്താനയിൽ ഇരുവരും കണ്ടത്. പരസ്പരം അതിർത്തി ബഹുമാനിക്കണമെന്നു മോദി അന്ന് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയായിരുന്നു ഈ കൂടിക്കാഴ്ച. അന്നു ചൈന ഡോക ലായിലേക്കു റോഡ് വെട്ടിത്തുടങ്ങിയിരുന്നു.
* ജൂലൈ 16-നു ജർമനിയിലെ ഹാംബുർഗിൽ ജി 20 ഉച്ചകോടിക്കിടെ മോദി ഷിയെ കാണുന്പോൾ ഡോക ലായിൽ ഇരു സേനകളും മുഖാമുഖം നിൽക്കുകയായിരുന്നു. അവിടെ കണ്ടു; ഹസ്തദാനം ചെയ്തു പിരിഞ്ഞു. അവിടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് ഇന്ത്യൻ വക്താക്കൾ പറഞ്ഞതു ചൈന നിഷേധിച്ചു. ചർച്ച നടന്നില്ലെന്നു പിന്നെ തെളിഞ്ഞു.
* ഇന്നലെ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ഷിയാമെനിൽ ഇരുവരും കാണുന്പോൾ ഡോക ലായിൽ പൂർവസ്ഥിതി സ്ഥാപിച്ചിരുന്നു. ഈ ശാന്തനില എത്ര നാളേക്ക് എന്ന ചോദ്യം ഉയരുന്നുണ്ട്. പഞ്ചശീലതത്വങ്ങൾ പ്രസംഗിച്ചു നടന്ന കാലത്താണ് 1962 -ൽ ചൈനീസ് പട്ടാളം ഇന്ത്യയെ ആക്രമിച്ചത്.