ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വെടിയേറ്റ ശേഷം ഗൗരി വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. മൂന്നുതവണ വെടിയേറ്റശേഷം രക്ഷപ്പെടാനായി അവർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തളർന്നു വീണു. വെടിയൊച്ച കേട്ടെത്തിയ അയൽക്കാർ അവരെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണു കണ്ടത്. ഇന്നലെ രാത്രിയായിരുന്നു തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
വീട്ടിൽ നാലു സെറ്റ് സിസിടിവികൾ സ്ഥാപിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. കൊലപാതക ദൃശ്യങ്ങൾ ഈ ക്യാമറയിൽ പതിഞ്ഞതായാണു വിവരം. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ ടൊയോട്ട എറ്റിയോസ് കാർ പാർക്ക് ചെയ്തശേഷം ഗേറ്റ് തുറക്കാനായി പുറത്തിറങ്ങുകയായിരുന്നു. ഉടൻതന്നെ ഹെൽമറ്റ് ധരിച്ച ഒരാളെത്തി വെടിയുതിർത്തു. മൂന്നു വെടിയുണ്ടകളാണ് അവരുടെ ശരീരത്തു തറച്ചത്. ഇതിൽ ഒരെണ്ണം നെറ്റിയിലാണ് തറച്ചത്.
ദൃശ്യത്തിലുള്ളയാൾക്കൊപ്പം മറ്റു രണ്ടുപേർകൂടി ഉണ്ടായിരുന്നിരിക്കാമെന്നാണു പൊലീസിന്റെ സംശയം. ഇവരെത്തിയ ബൈക്കിന്റെ നമ്പർ പ്ലേറ്റ്, ദൃശ്യങ്ങളിലില്ലെന്നാണു വിവരം.
അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നാലു സിസിടിവി ക്യാമറകളിൽ രണ്ടെണ്ണത്തിലെ ദൃശ്യങ്ങൾക്കു വ്യക്തത പോര. ഒരെണ്ണത്തിൽ ഹെൽമറ്റ് ധരിച്ചയാൾ ഗൗരിയെ വെടിവയ്ക്കുന്നതു പതിഞ്ഞിട്ടുണ്ട്. കാർ പാർക്ക് ചെയ്തശേഷം ഗേറ്റ് തുറക്കാനൊരുങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.