ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്നു തുടക്കം. ആദ്യമായി ഇന്ത്യ പങ്കെടുക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് കൂടിയാണിത്. ഇന്നുവൈകുന്നേരം ന്യൂഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന കൊളംബിയ-ഘാന മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യമത്സരവും ഇന്നാണ്. രാത്രി എട്ടുമണിക്ക് അമേരിക്കയുമായാണ് ഇന്ത്യയുടെ ഏറ്റുമുട്ടല്‍. നെഹ്‌റു സ്റ്റേഡിയത്തില്‍ തന്നെയാണ് ഈ മത്സരവും നടക്കുന്നത്.
നാളെയാണ് കൊച്ചിയിലെ മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബ്രസിലും സ്‌പെയിനുമാണ് മലയാളി കാണികളെ കാല്‍പന്തുകളിയുടെ വിരുന്നൂട്ടുന്നത്. വൈകിട്ട് അഞ്ചു മണിക്കാണ് മത്സരം. രാത്രി എട്ടുമണിക്കു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഉത്തരകൊറിയയും നൈജറും തമ്മില്‍ മത്സരിക്കും.
ആറു കോണ്‍ഫെഡറേഷനുകളില്‍ നിന്നായി യോഗ്യത റൗണ്ട് വിജയിച്ചെത്തിയ 23 ടീമുകളും ആതിഥേയരെന്ന നിലയില്‍ പ്രവേശനം കിട്ടിയ ഇന്ത്യയുമാണ് ഈ ലോകകപ്പില്‍ മത്സരിക്കുന്നത്. അമേരിക്ക, കൊളംബിയ, ഘാന എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ യിലണ് ഇന്ത്യ ഉള്‍പ്പെടുന്നത്. ഘാന മുന്‍ ചാമ്പ്യന്മാരാണ്. കൊച്ചി, ഗോവ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഗുവഹത്തി എന്നിങ്ങനെ ആറ് സ്‌റ്റേഡിയങ്ങളിലാാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്‍ക്കത്ത് സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
ആറ് ഗ്രൂപ്പുകളിലെ പ്രാഥമിക പോരാട്ടങ്ങള്‍ക്കൊടുവില്‍ ഓരോഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ വീതം പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യതനേടും. ഇവര്‍ക്കൊപ്പം മികച്ച നാലു മൂന്നാം സ്ഥാനക്കാര്‍ക്കും പ്രവേശനം കിട്ടും. 16 മുതലാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. 21 ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. 25ന് സെമി ഫൈനലുകളും 28 ന് ഫൈനല്‍ മത്സരങ്ങളും നടക്കും.