ഫോട്ടോഷോപ്പിലൂടെ വീണ്ടും ബിജെപിക്ക് എട്ടിന്റെ പണികിട്ടിയിരിക്കുകയാണ്. കണ്ണൂരില്‍ അമിത് ഷാ വന്നു കൊഴുപ്പിച്ച ജനരക്ഷയാത്രയുടെ ചിത്രമെന്ന പേരിൽ അവർ ഫേസ്ബുക്കിൽ തട്ടിവിട്ടത് ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമായിരുന്നു.
ബിജെപിയുടെ സോഷ്യല്‍മീഡിയ പ്രമോഷനു വേണ്ടിയുള്ള ഫേസ്ബുക്ക് പേജാണ് പുതിയ പുലിവാല് പിടിച്ചത്. ട്രോളൻമാര്‍ ഏറ്റെടുത്തതോടെ ബിജെപിക്ക് നാണക്കേടായി. ചിത്രം വിവാദമായതിനെത്തുടര്‍ന്നു പേജില്‍നിന്നു പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദചിത്രം തരംഗമായിരുന്നു. നിരവധി ട്രോളുകളും നിറഞ്ഞുകഴിഞ്ഞു.
അടുത്തിടെ കേന്ദ്ര ഊർജമന്ത്രി പീയൂഷ് ഗോയലും ഫോട്ടോഷോപ്പ് ചിത്രം കാരണം ആപ്പിലായിരുന്നു. ഇന്ത്യയിലെ 50,000 കിലോമീറ്റര്‍ റോഡുകള്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചു വൈദ്യുതീകരിച്ചതായി ഓഗസ്റ്റില്‍ മന്ത്രി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തു. പക്ഷേ യഥാര്‍ഥ ചിത്രം റഷ്യയിലെ ഒരു റോഡിന്‍റേതായിരുന്നു. എന്തായാലും സോഷ്യല്‍മീഡിയയ്ക്ക് ആഘോഷിക്കാന്‍ ഒരു കാരണമായി.