പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യ കേന്ദ്രം വിറ്റേക്കും. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്രം തീരുമാനിച്ചത്. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ യോഗം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനത്തിന് അംഗീകാരവും നല്‍കുകയുണ്ടായി. ഈ സാമ്പത്തിക വര്‍ഷം വിറ്റഴിക്കല്‍ വഴി വന്‍ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏകദേശം 2,500 കോടി രൂപയുടെ നേട്ടം വിറ്റഴിക്കല്‍ വഴി ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവൽകരണം ആവശ്യമാണെന്നും സർക്കാർ നടപടി ആറു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും കഴിഞ്ഞ ജൂണിൽ നിതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിൽക്കാനുള്ള തീരുമാനമെടുത്തത്. സ്വകാര്യവൽക്കരണം ഉൾപ്പെടെ പല മാർഗങ്ങൾ തേടിയ ശേഷമാണ് വിറ്റൊഴിയാൻ തീരുമാനിച്ചത് എന്നാണ് സർക്കാർ വീശദീകരണം.
എയർ ഇന്ത്യ ഓഹരി വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എയർ ഇന്ത്യയുടെ ബാധ്യത ഇപ്പോൾ 52,000 കോടി കവിഞ്ഞു. ഓരോ വർഷവും 4000 കോടി വീതം ബാധ്യത കൂടുന്നുമുണ്ട്. കഴിഞ്ഞ യുപിഎ സർക്കാർ നൽകിയ 30,000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പിൻബലത്തിലാണ് എയർ ഇന്ത്യ പിടിച്ചുനിൽക്കുന്നത്. എയർ ഇന്ത്യയെ വിൽക്കുന്നതിലൂടെ ഈ സാമ്പത്തിക വർഷത്തിൽ 72,500 കോടി രൂപ സമാഹരിക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനുള്ള നീക്കവും സജീവമാണ്. ജനറൽ ഇൻഷുറൻസ് കോർപറേഷൻ (ജിഐസി), ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഹെലികോപ്ടർ നിർമാണ കമ്പനി പവൻ ഹാൻസ് തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.