ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന് സമ്മതിച്ചു

valsan
RSS Man, Leading Protests At Sabarimala, Allegedly Breaks Tradition

ശബരിമലയില്‍ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമെന്ന് ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി സമ്മതിച്ചു . അറിവില്ലാത്തത് കൊണ്ടാണ് ആചാര ലംഘനമുണ്ടായത് . തന്ത്രി കണ്ഠര് രാജീവര് നിര്‍ദ്ദേശിച്ച പരിഹാര ക്രിയ താന്‍ നടത്തിയെന്നും തില്ലങ്കേരി വിവിധ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞു. ഇരുമുടിക്കട്ടില്ലാതെ പതിനെട്ടാം പടിയില്‍ നിന്നത് അറിവില്ലായ്മ കൊണ്ടാണ്. പടി കയറുന്നത് ഒഴിവാക്കാമായിരുന്നു. താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പ്രകോപിതരായ വിശ്വാസികളെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ലെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പതിനെട്ടാം പടിക്ക് താഴെ ഒരു പൊലീസുകാരന്‍ പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അതേ സമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാര ലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവരര് പറഞ്ഞു. ആചാരങ്ങള്‍ പ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേല്‍പ്പറഞ്ഞവര്‍ അല്ലാത്ത ആരെങ്കിലും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയാല്‍ ആചാരലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി വന്നാല്‍ ആവശ്യമായ പരിഹാര ക്രിയകള്‍ നടത്തുമെന്നും തന്ത്രി അറിയിച്ചു. ഏത് വിധത്തിലുള്ള പരിഹാര ക്രിയകളാണ് നടത്തുന്നതെന്നുള്ള കാര്യം വിശദീകരിക്കാനാവിലെന്നും തന്ത്രി പറഞ്ഞു. ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി ആചാരലംഘനം നടത്തിയതായാണ് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നത്. ആര്‍എസ്‌എസ് നേതാവ് ആചാരംഘനം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പുറമെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ ദാസും ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ കയറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോള്‍ മേല്‍ശാന്തിക്കൊപ്പം പതിനെട്ടാംപടിയില്‍ കയറുകയും ഇറങ്ങുകയും ചെയ്തുവെന്നാണ് ശങ്കര്‍ദാസിനെതിരെയുള്ള ആരോപണം. സ്ത്രീകളെ ഭക്തര്‍ തടഞ്ഞതോടെ പൊലീസ് വലിയ പ്രതിസന്ധിയിലായി. ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടു വരികയും ചെയ്തു. ഇതോടെയാണ് കൂടിയ ഭക്തരെല്ലാം സന്നിധാനം സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. ഇതോടെ പൊലീസ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.  വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മെഗാ ഫോണ്‍ ഉപയോഗിച്ച്‌ സന്നിധാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന കാഴ്ചയാണ് കണ്ടത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെ പൊലീസ് തന്നെ തടയും എന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. 50 കഴിഞ്ഞ സ്ത്രീകളെ പോലും തടയുന്ന സാഹചര്യം ആയിരുന്നു ഉണ്ടായത്. സ്ത്രീകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുന്ന കാഴ്ചയും കണ്ടു. കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്‌എസ് നേതാവാണ് വത്സന്‍ തില്ലങ്കേരി. ഇവിടെ വന്നിട്ടുള്ളത് ഭക്തന്മാര്‍ ആയിട്ടാണ്. ഇവിടെ ചില ആളുകള്‍, അഞ്ച് പത്ത് ആളുകള്‍, ഈ കൂട്ടത്തില്‍ കുഴപ്പം ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ച്‌ വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ ആരും വീണുപോകാന്‍ പാടില്ലെന്നായിരുന്നു പൊലീസിന്റെ മൈക്കിലൂടെ വത്സന്‍ തില്ലങ്കേരിയുടെ ആഹ്വാനം. ആചാര ലംഘനം തടയാന്‍ പൊലീസുണ്ട് ആചാര ലംഘനം ഇവിടെ നടക്കില്ലെന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. അതിന് ഇവിടെ പൊലീസും നമ്മുടെ വളണ്ടിയര്‍മാരും ഉണ്ടെന്നും തില്ലങ്കേരി പറഞ്ഞു. പമ്പ മുതല്‍ ഇതിനുള്ള സംവിധാനങ്ങളുണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ലെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ആവശ്യമില്ലാതെ വികാരാധീനരാകരുത് നമ്മള്‍ ആവശ്യമില്ലാതെ വെറുതേ വികാരാധീനരാകേണ്ട കാര്യമില്ലെന്നാണ് ആഹ്വാനം. പ്രായ പരിധിക്ക് പുറത്തുള്ള സ്ത്രീകള്‍ എത്തുമ്ബോള്‍ അവര്‍ക്ക് ദര്‍ശനം നടത്താന്‍ സഹായം ചെയ്യണം എന്നും പറഞ്ഞു. സന്നിധാനത്ത് സംഘര്‍ഷം സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരുടെ കെണിയില്‍ വീഴാന്‍ ആണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അണികളോടുള്ള ചോദ്യം. ആവശ്യമുണ്ടെങ്കില്‍ എല്ലാവരേയും വിളിക്കും. ആചാര ലംഘനം തടയാനുള്ള സംവിധാനം ഇപ്പോഴിവിടെ ഉണ്ട്. അത് അല്ലാതെ, എല്ലാവരുടേയും ആവശ്യം വരുന്ന ഒരു സാഹചര്യം വന്നാല്‍ എല്ലാവരേയും വിളിക്കും എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.