ശബരിമലയിൽ തോക്കുമേന്തി കേന്ദ്ര സേനയും സംസ്ഥാന പൊലീസിന്റെ കമാൻഡോകളും

sabarimala ploice

ശബരിമല സന്നിധാനത്ത് വിവിധ സുരക്ഷാസേനകൾ സംയുക്തമായി നടത്തിയ റൂട്ട് മാർച്ച് അയ്യപ്പന്മാർക്ക് കൗതുക കാഴ്ചയായി. തോക്കുമേന്തി കേന്ദ്ര സേനയും സംസ്ഥാന പൊലീസിന്റെ കമാൻഡോകളും സായുധ പൊലീസും എല്ലാ വഴികളിലൂടെയും നടന്നു നീങ്ങുന്നതു കണ്ടപ്പോൾ എന്താണു സംഭവിച്ചതെന്ന് അയ്യപ്പന്മാർക്ക് അറിയണം. അവർ കാണുന്നവരോടെല്ലാം ചോദിക്കും. എന്തു സംഭവിച്ചതിനാണ് പൊലീസ് റൂട്ട് മാർച്ച് നടത്തുന്നതെന്ന്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമാണെന്നു പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് തീർഥാടക സംഘങ്ങൾക്ക് ശ്വാസം വീണത്. സന്നിധാനം പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് മരക്കൂട്ടം, ശബരിപീഠം, ശരംകുത്തി പാത വഴി സന്നിധാനത്ത് സമാപിച്ചു. കേരള പൊലീസ്, ദ്രുതകർമസേന, എൻഡിആർഎഫ്, കമാൻഡോകൾ അടങ്ങിയ സായുധ സേനാംഗങ്ങൾ റൂട്ട് മാർച്ചിൽ അണിനിരന്നു. ആളില്ലാ വിമാനം ഉപയോഗിച്ചും നിരീക്ഷണം നടന്നു. സന്നിധാനത്തെ പ്രവർത്തനരഹിതമായ എക്‌സ്‌റേ പരിശോധനാ സംവിധാനം മാറ്റി പുതിയതു സ്ഥാപിച്ചു. വനത്തിനുള്ളിൽ തണ്ടർബോൾട്ട് സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത തിരച്ചിൽ നടത്തി. പമ്പ, പരിസരപ്രദേശങ്ങൾ, ചാലക്കയം ടോൾഗേറ്റ്, നിലയ്ക്കൽ തുടങ്ങി മർമപ്രധാനവും തന്ത്രപ്രധാനവുമായ ഇടങ്ങളെല്ലാം സുരക്ഷാസേനാംഗങ്ങളുടെ നിരീക്ഷണ വലയത്തിലാണ്. പൊലീസ് ചീഫ് കോഓർഡിനേറ്റർ എഡിജിപി സുദേഷ്‌കുമാർ, ഡിഐജി സ്പർജൻകുമാർ എന്നിവർ സന്നിധാനത്ത് ക്യാംപ് ചെയ്താണ് സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കുന്നത്.