തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരല്ല!! കടകംപള്ളിക്കെതിരെ അഖില കേരള തന്ത്രി സമാജം

kadakampally surendran

ക്ഷേത്രത്തിലെ തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ അഖില കേരള തന്ത്രി സമാജം രംഗത്ത്. തന്ത്രി ഒരു ക്ഷേത്രത്തില്‍ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരനല്ലന്നും ഒരു ആനുകൂല്യങ്ങളും ലഭിക്കാത്ത തന്ത്രിയെ ജീവനക്കാരനാണെന്ന് സ്ഥാപിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത് ചില ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്നും അഖില കേരള തന്ത്രി സമാജം ഉത്തര മേഖല സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

തന്ത്രി ഒരു ക്ഷേത്രത്തില്‍ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരനല്ല. മേല്‍ശാന്തിയും കീഴ്‌ശാന്തിയുമൊക്കെയാണ് ശമ്പളം പറ്റുന്ന ജീവനക്കാര്‍. തന്ത്രിക്ക് പ്രതിഫലം എന്നത് വാര്‍ഷികമായി ക്ഷേത്രത്തില്‍ ഉണ്ടാകുന്ന വിശേഷ വിധികള്‍ക്ക് പങ്കെടുക്കുമ്പോള്‍ നല്‍കുന്ന ദക്ഷിണ മാത്രമാണ്. അതല്ലാതെ ഒരു ജീവനക്കാര്‍ക്ക് ഉളള ശമ്പളം,പി.എഫ്, ഡി.എ, പെന്‍ഷന്‍ തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്ത്രിക്കില്ലെന്ന് ജയനാരായണന്‍ പറയുന്നു.

ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. തന്ത്രിമാര്‍ അച്ചടക്കം പാലിക്കണമെന്നും, തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തന്ത്രിയോട് ബോര്‍ഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് പുടവൂര്‍ ജയനാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പുടയൂര്‍ ജയനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്

തന്ത്രിയെ ശമ്പളക്കാരനാക്കുന്ന മന്ത്രി.

തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനാണ് എന്ന് ആവര്‍ത്തിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആദ്യം ജി സുധാകരനും, പിന്നെ എം.എം മണിയും ഇത് പറഞ്ഞപ്പോള്‍ വിവരമില്ലായ്മ മാത്രമായാണ് തോന്നിയത്. എന്നാല്‍ ഇപ്പോള്‍ ദേവസ്വം മന്ത്രി നിയമസഭയില്‍ത്തന്നെ അത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നു. ഇത് വഴി മന്ത്രി/സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്..?’

കഴിഞ്ഞ രണ്ട് മാസമായി ആവർത്തിച്ചു ചര്‍ച്ച ചെയ്ത് പഴകിയ ഈ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വരുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. പക്ഷേ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും മറ്റ് ഇടങ്ങളിലും എല്ലാം ഭരണഘടനയ്ക്ക് വിധേയമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരുടെ നിരന്തര “ആക്ഷേപങ്ങള്‍” കേട്ട് വയറ് നിറഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാന്‍. ഈ വിഷയത്തില്‍ അര ശതമാനം പോലും അംഗബലമില്ലാത്ത ആചാര്യ വര്‍ഗ്ഗത്തിന് (തന്ത്രി സമൂഹത്തിന്) യാതൊരു പിന്തുണയും ലഭിച്ചില്ലെങ്കിലും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കുവാന്‍ മറ്റാരുമില്ലാത്തതിനാല്‍ മാത്രം വീണ്ടും വീണ്ടു ഇത് പറയേണ്ടി വരുന്നതാണ്.

1. ആരാണ് ഒരു ക്ഷേത്രത്തിലെ തന്ത്രി..?

ഒരു ക്ഷേത്രം തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡോ, സംസ്ഥാന സര്‍ക്കാരോ, നിയമസഭയോ ഒന്നുമല്ല. തന്ത്രി എന്നത് ഒരു ഹെറിഡിറ്ററി പദവിയാണ്. മുന്നൂറ്ററുപത്തഞ്ചു ദിവസവും ക്ഷേത്രത്തിലെത്തി ആചാരാനുഷ്ഠാനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന മേലാള പ്രതിനിധിയുമല്ല തന്ത്രി. പ്രതിഷ്ഠാദി സങ്കീര്‍ണ്ണ താന്ത്രിക ക്രിയകള്‍ യഥാസമയം വിധിയാം വണ്ണം നടത്തുകയും, തന്റെ മുന്നിലെത്തുന്ന വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുകയോ, തീരുമാനം എടുക്കുകയോ ചെയ്യുന്ന, കേരളീയ ക്ഷേത്ര സമ്ബ്രദായത്തിന്റെ പരമാചാര്യനാണ് ഓരോ ക്ഷേത്രം തന്ത്രിമാരും. അമ്ബലം പണി മുതല്‍ പ്രതിഷ്ഠവരെയുള്ള ക്രിയകള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നു. ഇദ്ദേഹത്തിനു ശേഷം ആ ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തന്ത്രിയുടെ പകരക്കാരനായി മേല്‍ശാന്തിമാരെ ഓരോ ക്ഷേത്രങ്ങളിലും നിയമിക്കുന്നതാണ് പണ്ടു മുതലെയുള്ള പതിവ്.

1978- ലെ ഗുരുവായൂര്‍ ദേവസ്വം നിയമത്തില്‍ ( വകുപ്പ് 35) തന്ത്രിയുടെ അവകാശവും അധികാരങ്ങളും വളരെ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരവും ആദ്ധ്യാത്മികവും ആചാരപരവും ചടങ്ങുകളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമം എന്നതാണത്. സര്‍ക്കാരിനോ ഭരണ സമിതിക്കോ കമ്മീഷണര്‍ക്കോ ദേവസ്വത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു അധികാരവുമില്ല. ഇതേ കാര്യം 1971ലെ കൂടല്‍മാണിക്കം ദേവസ്വം ആക്ടിലും കാണാവുന്നതാണ്. 2015ല്‍ എസ് ഉണ്ണികൃഷ്ണന്‍ vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്ന കേസില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവും പരിശോധിക്കുക “ഒരു ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആവണം നടക്കേണ്ടത്; അതിന് മറ്റൊരു പോംവഴിയുമില്ല; കാരണം തന്ത്രി എന്നാല്‍ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ, അതായത് ആ ദേവന്റെ, പിതാവാണ്. മന്ത്രവും തന്ത്രവുമൊക്കെ വഴി തന്ത്രി ആ പ്രതിഷ്ഠയിലേക്ക് ശക്തിയാണ്, ഊര്‍ജമാണ്‌, പ്രദാനം ചെയ്യുന്നത്.”

2. തന്ത്രി ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനാണോ..?

അല്ല. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ അല്ല. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡല്ല. തന്ത്രി എന്ന പദവി, ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നിര്‍വ്വഹിച്ച ആചാര്യന്റെ പരമ്ബരയിലേക്ക് (പ്രസ്തുത തറവാട്ടിലേക്ക് ) പാരമ്ബര്യമായി വന്നു ചേരുന്നതാണ്. ഇതിന്റെ ദായക്രമം തീര്‍ത്തും മക്കത്തായപ്രകാരമാണ്. തന്ത്രി എന്നത് ഒരു വ്യക്തിയല്ല. പ്രസ്തുത തറവാട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ആ തറവാടിന് താന്ത്രികാധികാരമുള്ള ക്ഷേത്രത്തില്‍ തുല്യ അവകാശവും അധികാരവും ആണ്.

3.തന്ത്രി ദേവസ്വത്തിന്റെ ശമ്ബളക്കാരനാണോ..?

തന്ത്രി ഒരു ക്ഷേത്രത്തില്‍ നിന്നും ശമ്ബളം പറ്റുന്ന ജീവനക്കാരനല്ല. മേല്‍ശാന്തിയും കീഴ്ശാന്തിയുമൊക്കെയാണ് ശമ്ബളം പറ്റുന്ന ജീവനക്കാര്‍. തന്ത്രിക്ക് പ്രതിഫലം എന്നത് വാര്‍ഷികമായി ക്ഷേത്രത്തില്‍ ഉണ്ടാകുന്ന വിശേഷ വിധികള്‍ക്ക് പങ്കെടുക്കുമ്ബോള്‍ നല്‍കുന്ന ദക്ഷിണ മാത്രമാണ്. അതല്ലാതെ ഒരു ജീവനക്കാര്‍ക്ക് ഉളള ശമ്ബളം, PF, DA, പെന്‍ഷന്‍ തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്ത്രിക്കില്ല.

ഇതൊന്നും ഇല്ലാത്ത തന്ത്രിയെ ജീവനക്കാരന്‍ ആണെന്ന് സ്ഥാപിക്കാന്‍ ഭരണകൂടം നിരന്തരം ശ്രമിക്കുന്നത് തന്നെ ചില ഗൂഢനീക്കങ്ങളുടെ ഭാഗമായി തന്നെയാണ് എന്ന് വേണം മനസിലാക്കാന്‍.