സഹകരണമേഖലയ്ക്ക് കറന്‍സി ഉറപ്പാക്കല്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം

റിസര്‍വ് ബാങ്കില്‍ നിന്ന് സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയ്ക്ക് ലഭിക്കുന്ന പുതിയ കറന്‍സിക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും കറന്‍സി ലഭ്യത ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്ക് കേരള റീജ്യണല്‍ ഡയറക്ടര്‍ എസ്.എം. നരസിംഹസ്വാമിയും ഉന്നതോദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സഹകരണമന്ത്രിയുടെ ചേമ്പറില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ സഹകരണമേഖലയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകേണ്ട നടപടികളെ സംബന്ധിച്ച കുറിപ്പ് മന്ത്രി കൈമാറി. കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് ആദ്യ ഗഡുവായി 1500 കോടി രൂപയുടെ പുതിയ കറന്‍സി അനുവദിക്കുക, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ഇടപാടുകാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മലപ്പുറം ജില്ലയിലടക്കം ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ പണം അനുവദിക്കുക, പ്രാഥമിക ബാങ്കുകള്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിശ്ചയിച്ച പരിധി എടുത്തുകളയുക, നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ സാമ്പത്തികവര്‍ഷം സഹകരണ ബാങ്കുകള്‍ ആര്‍ജ്ജിക്കേണ്ട ഒന്‍പതുശതമാനം മൂലധന പര്യാപ്തത എന്ന മാനദണ്ഡത്തില്‍ ഇളവനുവദിക്കുക തുടങ്ങി ആവശ്യങ്ങളിലാണ് റിസര്‍വ് ബാങ്കില്‍ നിന്നുമുള്ള അടിയന്തര നടപടി മന്ത്രി ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 200 കോടി രൂപ ഉടനെ നല്‍കാമെന്ന് റിസര്‍വ് ബാങ്ക് റീജ്യണല്‍ ഡയറക്ടര്‍ ഉറപ്പു നല്‍കി. കേരളത്തിലെ ഗ്രാമീണ മേഖലയിലെ പണമിടപാടില്‍ സഹകരണ ബാങ്കുകളുടെ പ്രാധാന്യം റിസര്‍വ്വ് ബാങ്കിന് അറിവുള്ളതാണെന്നും കറന്‍സി ലഭ്യത കൂടുന്നതിനനുസരിച്ച് ആവശ്യമായ പണം സംസ്ഥാന സഹകരണ ബാങ്കിലൂടെ നല്‍കാന്‍ ഒരുക്കമാണെന്നും അറിയിച്ചു. പ്രാഥമിക ബാങ്കുകളുടെ പണം പിന്‍വലിക്കല്‍ പരിധി എടുത്തുകളയേണ്ടതും സഹകരണ ബാങ്കുകളുടെ മൂലധന പര്യാപ്തതാ തോതില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടതും റിസര്‍വ് ബാങ്ക് ഹെഡ് ഓഫീസിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഇക്കാര്യങ്ങളില്‍ സഹകരണ ബാങ്കുകള്‍ക്ക് അനുകൂലമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും റീജ്യണല്‍ ഡയറക്ടര്‍ അറിയിച്ചു.