Friday, March 29, 2024
HomeNationalരാജ്യസഭാ അംഗമാകാനില്ലെന്ന് ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളോട് നടന്‍ മോഹന്‍ലാല്‍

രാജ്യസഭാ അംഗമാകാനില്ലെന്ന് ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളോട് നടന്‍ മോഹന്‍ലാല്‍

നടി രേഖയുടെ ഒഴിവില്‍ രാജ്യസഭാ അംഗമാകാനില്ലെന്ന് നടന്‍ മോഹന്‍ലാല്‍. കലാരംഗത്ത് നിന്നും രാജ്യസഭയിലേക്ക് കേന്ദ്രം നോമിനേറ്റ് ചെയ്ത പ്രമുഖ ബോളിവുഡ് താരം രേഖയുടെ കാലാവധി 2018 ഏപ്രില്‍ 26ന് കഴിയുന്ന പശ്ചാത്തലത്തില്‍, തന്നെ സമീപിച്ച ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളോടാണ് താരം നിലപാട് വ്യക്തമാക്കിയത്. മോഹന്‍ലാലുമായി ബന്ധപ്പെട്ട വിശ്വസനീയ കേന്ദ്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ട്രസ്റ്റിന്റെ രക്ഷാധികാരി സ്ഥാനത്ത് നിന്നും തല്‍ക്കാലം ലാല്‍ മാറില്ല. സി.പി.എം അനുകൂല ചാനലായ കൈരളിയുടെ ഡയറക്ടറായി ആരംഭ ഘട്ടത്തില്‍ നിയമിച്ചപ്പോള്‍ പരസ്യമായി തല്‍സ്ഥാനത്ത് നിന്നും പിന്‍ വാങ്ങിയ മോഹന്‍ലാല്‍ ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ പുതിയ ദൗത്യത്തില്‍ പങ്കാളിയായത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആര്‍എസ്എസ്-ബി.ജെ.പി നിര്‍ദ്ദേശത്താല്‍ എം.പി പദവിയിലെത്തിയാല്‍ വിമര്‍ശനം കൂടുതല്‍ രൂക്ഷമാകുമെന്ന അടുത്ത സുഹൃത്തുക്കളുടെ ഉപദേശം മൂലമാണ് തനിക്ക് എം.പി പദവി വേണ്ടന്ന നിലപാടിലേക്ക് ലാലിനെ എത്തിച്ചത്.

സംഘപരിവാര്‍ അനുകൂലിയായ സംവിധായകന്‍ മേജര്‍ രവിയാണ് ലാലിനെ കാവി ‘പുതപ്പിക്കാന്‍’ അണിയറയില്‍ ചരടുവലിച്ചതെന്ന അഭിപ്രായം ലാലിന്റെ മറ്റു ചില സുഹൃത്തുക്കള്‍ക്കുമുണ്ട്. സ്വപ്ന പദ്ധതിയായ ‘ഒടിയന്‍” പുറത്തിറങ്ങാനിരിക്കെ ഇടതുപക്ഷ അണികളെ പ്രത്യേകിച്ച് സി.പി.എം അണികളെ പ്രകോപിതരാക്കിയാല്‍ ‘പണി’ പാളുമെന്ന ഉപദേശമാണ് ഈ വിഭാഗം ലാലിന് നല്‍കിയത്. കോണ്‍ഗ്രസ്, ലീഗ്, എസ്ഡിപിഐ അണികളും, ആര്‍എസ്എസ് അനുകൂല സംഘടനയുടെ തലപ്പത്ത് മോഹന്‍ലാല്‍ എത്തിയതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ജാതി-മത രാഷ്ട്രീയ ഭേദമന്യേ പൊതു സമുഹത്തില്‍ നിന്നും മോഹന്‍ലാലിന് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തിന് കോട്ടം തട്ടി തുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ പുനര്‍വിചിന്തനം വേണമെന്ന ആവശ്യം സിനിമാരംഗത്തെ പ്രമുഖരും മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ലാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും ‘ഉചിതമായ’നിലപാട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമെന്നുമാണ് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഒരു പദവിയും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടില്ല, രാജ്യം കണ്ട മഹാനായ നടനാണ് ഭരത് മോഹന്‍ലാല്‍ അദ്ദേഹത്തെ ഏതെങ്കിലും പദവികളിലേക്ക് പരിഗണിക്കരുത് എന്ന് ആരും തന്നെ ആവശ്യപ്പെടുമെന്ന് കരുതുന്നില്ലന്നും പ്രമുഖ ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കി. രേഖക്കൊപ്പം കായിക രംഗത്ത് നിന്നുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബിസിനസ്സ് രംഗത്തു നിന്നുള്ള അനി ആഗ എന്നിവരുടെ രാജ്യസഭയിലെ കാലാവധിയും ഏപ്രിലില്‍ അവസാനിക്കും. മറ്റു നോമിനേറ്റഡ് അംഗങ്ങളായ നരേന്ദ്ര ജാദവ്, മേരി കോം, സ്വപ്ന ദാസ് ഗുപ്ത, രൂപ ഗാംഗുലി, സാംബാജി രാജെ, സുരേഷ് ഗോപി ,സുബ്രമണ്യം സ്വാമി എന്നിവര്‍ക്ക് 2022 വരെ കാലാവധിയുണ്ട്. നിയമ രംഗത്ത് നിന്നുള്ള കെ.ടി.എസ് തുളസിക്ക് 2020 വരെയാണ് കാലാവധി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments