Friday, April 19, 2024
HomeKeralaനടിയെ ആക്രമിച്ച കേസ്; അഭിഭാഷകനും ഭാര്യയും സാക്ഷികൾ

നടിയെ ആക്രമിച്ച കേസ്; അഭിഭാഷകനും ഭാര്യയും സാക്ഷികൾ

പ്രതികൾ സമീപിച്ച അഭിഭാഷകനും ഭാര്യയും കേസിൽ സാക്ഷികളാകും

നടിയെ ആക്രമിച്ച ശേഷം മു‍ൻകൂർ ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ സമീപിച്ച അഭിഭാഷകനും ഭാര്യയും കേസിൽ സാക്ഷികളാകും. അഭിഭാഷകനെ സുനിൽകുമാർ ഏൽപിച്ച മെമ്മറി കാർഡ് കോടതി മുഖേന പൊലീസ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകർത്തിയ ദൃശ്യങ്ങൾ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതർ പൊലീസിനു നൽകിയിട്ടുണ്ട്.

പ്രതികൾ അഭിഭാഷകനെ കണ്ടു

പരിശോധനാ റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ചാലുടൻ അഭിഭാഷക ദമ്പതികളിൽ നിന്നു പൊലീസ് മൊഴിയെടുക്കും. അതേസമയം, പൊലീസിന്റെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടും എന്നുറപ്പായതിനാൽ ഈ കേസിലെ പ്രതികളിൽ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. പ്രതികൾ അഭിഭാഷകനെ കണ്ടു തെളിവുകൾ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകാൻ സാധ്യത തെളിഞ്ഞത്.

നടിയെ ആക്രമിച്ചതിനു പിറ്റേന്നു രാത്രിയാണ് ആലുവയിലെ അഭിഭാഷകനെ സമീപിച്ചു സുനിൽകുമാർ, മണികണ്ഠൻ, വിജീഷ് എന്നിവർ വക്കാലത്ത് ഒപ്പിട്ടു നൽകിയത്. ഫോൺ, മെമ്മറി കാർഡ്, വിജീഷിന്റെ പാസ്പോർട്ട് എന്നിവയും ഏൽപിച്ചു. എന്നാൽ, മെമ്മറി കാർഡിൽ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന വാർത്തകൾ വന്നതോടെ, അഭിഭാഷകൻ ഇതു കോടതിയിൽ സമർപ്പിക്കുകയായിരുന്നു. പൊലീസിന്റെ സമ്മർദവും കാരണമായി.

മാർട്ടിനു വേണ്ടി അപ്പിയറൻസ് മെമ്മോ

കേസിൽ ആദ്യം അറസ്റ്റിലായ ഡ്രൈവർ മാർട്ടിന്റെ കുടുംബവുമായി മുൻപരിചയം ഉണ്ടായിരുന്നതിനാൽ മാർട്ടിനു വേണ്ടി ഹാജരാകാൻ ഇദ്ദേഹത്തെ വീട്ടുകാർ സമീപിച്ചിരുന്നു. മാർട്ടിനു വേണ്ടി അപ്പിയറൻസ് മെമ്മോ കോടതിയിൽ നൽകുകയും ചെയ്തു. എന്നാൽ, പുതിയ സാഹചര്യത്തിൽ മാർട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

വിശദമായ ഫൊറൻസിക് റിപ്പോർട്ട് രണ്ടു ദിവസത്തിനകം

സുനിൽകുമാർ അഭിഭാഷകനു കൈമാറിയ മെമ്മറി കാർഡിൽ ദൃശ്യങ്ങൾ കണ്ടെത്തിയതായാണു തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു പൊലീസിനെ അനൗദ്യോഗികമായി അറിയിച്ചത്. എന്നാൽ, ദൃശ്യം പകർത്താനുപയോഗിച്ച യഥാർഥ മെമ്മറി കാർഡ് തന്നെയാണോ ഇതെന്നു സ്ഥിരീകരിച്ചിട്ടില്ല. സുനിൽകുമാർ കൊച്ചിയിൽ താമസിച്ചിരുന്ന വീട്ടിൽനിന്നും സുഹൃത്തിന്റെ വീട്ടിൽനിന്നും പിടിച്ചെടുത്തവയുൾപ്പെടെയുള്ള മെമ്മറി കാർഡുകളും പെൻഡ്രൈവുകളും പരിശോധനയ്ക്കായി നൽകിയിരുന്നു. വിശദമായ ഫൊറൻസിക് റിപ്പോർട്ട് രണ്ടു ദിവസത്തിനകം പൊലീസിനു ലഭിച്ചേക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments