Wednesday, April 24, 2024
HomeKeralaഷുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടു

ഷുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടു

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ ഉയർത്തിയ എതിർവാദങ്ങൾ തള്ളിയാണു ഹൈക്കോടതിയുടെ നടപടി. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങളാണു നടത്തിയത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണു അന്വേഷണം നടത്തുക. സംസ്ഥാന സർക്കാർ സിബിഐയെ സഹായിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് ഒരു മാസത്തിനുള്ളിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, യാതൊരു ഒഴികഴിവുകൾക്കും ഇനി സ്ഥാനമില്ലെന്നു പ്രത്യേകം ഓർമിപ്പിച്ചു. ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയെന്നതു യുഎപിഎ ചുമത്താൻ പര്യാപ്തമായ കുറ്റമാണ്. രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്തുള്ള സൗഹൃദം എന്തുകൊണ്ടു പ്രവർത്തകർക്കിടയിൽ ഉണ്ടാവുന്നില്ലെന്നതിൽ ആശങ്കയുണ്ട്. ഫയലുകൾ ഉടൻ സിബിഐയ്ക്കു കൈമാറണം. സിബിഐയ്ക്ക് ആവശ്യമെങ്കിൽ അന്വേഷണം ഒന്നിൽനിന്നു തന്നെ തുടങ്ങാമെന്നും കോടതി വിശദമാക്കി. കഴിഞ്ഞ മാസം ഫെബ്രുവരി 12നാണു കണ്ണൂർ മട്ടന്നൂരിനു സമീപം ഷുഹൈബ് വെട്ടേറ്റു മരിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത 11 പേർ റിമാൻഡിലാണ്. പിടിയിലായവരെല്ലാം സിപിഎമ്മുകാരാണ്.

കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതികൾക്ക് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന വാദത്തിൽ കഴമ്പുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്കു കൈമാറണം. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കെമാൽപാഷ തള്ളി. ഹർജി സിംഗിൾബഞ്ചിനു പരിഗണിക്കാനാകില്ലെന്ന സർക്കാർ വാദവും കോടതി നിരാകരിച്ചു.ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവർത്തിച്ചു നിലപാടെടുത്ത ദിവസം തന്നെയാണു ഹൈക്കോടതിയുടെ ഉത്തരവെന്നതു ശ്രദ്ധേയം. നേരത്തെ, നിലവിലെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നു വ്യക്തമാക്കിയിരുന്നു. കേസിനു പിന്നിലുള്ളവർ തുടർച്ചയായി കൈകഴുകുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഗൂഢാലോചന പുറത്തുവരാറില്ലെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോഗതി സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളെയെല്ലാം പിടികൂടിയെന്നും ഇനിയിതിൽ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പിടികൂടിയ പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ടു ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നില്ലെന്നു കോടതി ചോദിച്ചു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തതിൽ കള്ളക്കളിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഷുഹൈബ് വധക്കേസ് സിബിഐയ്ക്കു വിടേണ്ടതില്ലെന്ന സർക്കാർ വാദത്തെ കോടതി ചോദ്യം ചെയ്തു. അന്വേഷണം സിബിഐയ്ക്കു വിടാനുള്ള അധികാരം കോടതിക്കുണ്ടെന്നു ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു. മുൻപും താൻ ചില കേസുകൾ സിബിഐയ്ക്കു കൈമാറിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള എതിർപ്പാണ് ഈ കേസിൽ സർക്കാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിർദേശിച്ചാൽ ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments