പി കെ കുഞ്ഞാലിക്കുട്ടിക്ക് താഴെ വീണ പ്ലക്കാര്‍ഡ് എടുത്തുകൊടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലായി

rahul

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് താഴെ വീണ പ്ലക്കാര്‍ഡ് എടുത്തുകൊടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പില്‍ നടന്ന പ്രതിഷേധ ധര്‍ണയ്ക്കിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്ലക്കാര്‍ഡ് താഴെവീണത്. തൊട്ടടുത്തുണ്ടായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഈ പ്ലക്കാര്‍ഡ് താഴേക്ക് കുനിഞ്ഞ് എടുത്തുകൊടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാഹുല്‍ ഗാന്ധി അങ്ങേയറ്റം എളിമയുള്ള നേതാവാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചെല്ലാം ബോധ്യമുള്ള നേതാവാണെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബിയെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ അത് മതിയാക്കണമെന്നും, രാഹുല്‍ പക്വതയുള്ള നേതാവായി മാറിയെന്നുമുള്ള കമന്റുകളും ലഭിക്കുന്നുണ്ട്. കര്‍ഷകരുടേയും ദളിതരുടേയും പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ അവരുടെ വീടുകളില്‍ താമസിച്ച് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും രാഹുല്‍ ഗാന്ധി നടത്തിയിട്ടുണ്ടെന്ന പൊതുവികാരമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവെക്കുന്നത്.