ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളും വേര്‍പ്പെട്ടു

train

മന്മാദ്-മുംബൈ പഞ്ചവടി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളും ഓടിക്കൊണ്ടിരുന്നപ്പോൾ വേര്‍പ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.30-ഓടെ കല്ല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്.
എന്‍ജിനുകള്‍ വേര്‍പെട്ടു എങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ വക്താവ് അറിയിച്ചു. മന്മാദില്‍നിന്ന് മുംബൈ ഛത്രപതി ശിവജി ടെര്‍മിന്‍സ് വരെ സര്‍വ്വീസ് നടത്തുന്ന ട്രെയിന്‍ യാത്ര അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് അപകടത്തില്‍പ്പെട്ടത്. ആകെ 15 കോച്ചുകളുണ്ടായിരുന്ന ട്രെയിനിന്റെ എന്‍ജിനും തൊട്ടുപിന്നിലെ മൂന്ന് കോച്ചുകളും വേര്‍പ്പെട്ട് അല്പദൂരം സഞ്ചരിച്ചെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചത്.