യു ഡി എഫിനെ മര്യാദ പഠിപ്പിക്കാൻ അപ്പനും മകനും അളിയനും …

citinews - pc george

യു ഡി എഫിനെ മര്യാദ പഠിപ്പിക്കാൻ അപ്പനും മകനും അളിയനും സ്ഥാനാര്‍ഥി പട്ടികയില്‍ ! തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വലിയ കോളിളക്കങ്ങളില്ലാതെ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവസരം നല്‍കാനായി എന്നതില്‍ പി സി ജോര്‍ജ്ജിന് ആശ്വസിക്കാം. മറ്റ്‌ പല പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥിത്വം ലഭിക്കാതിരിക്കുന്നവരുടെ പിണക്കം കേള്‍ക്കേണ്ടി വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ജനപക്ഷത്തിന് ആ തലവേദന ഉണ്ടാകില്ല.അപ്പനും മകനും അളിയനുമെല്ലാം പട്ടികയില്‍ ഉള്ളതിനാല്‍ കുടുംബ വഴക്കിനും സാധ്യതയില്ല. ഭാര്യയ്ക്കും മരുമകള്‍ക്കും രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച്ചകളോട് തീരെ താല്പര്യമില്ലാത്തതിനാല്‍ അവര്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങില്ലെന്നുറപ്പ്.

ഒറ്റയ്ക്ക് നിന്നു 27000 ഭൂരിപക്ഷത്തിന്റെ മികവുള്ള പൂഞ്ഞാര്‍ എം എല്‍ എ കൂടിയായ പി സി ജോര്‍ജ്ജ് പത്തനംതിട്ടയിലാണ് മത്സരിക്കുന്നത്. മകന്‍ ഷോണ്‍ ജോര്‍ജ്ജ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകും. ജോര്‍ജ്ജിന്റെ ഭാര്യാ സഹോദരന്‍ സെബി പറമുണ്ടയാണ് തൃശൂരില്‍ മത്സരിക്കുന്നത്. മറ്റ്‌ സ്ഥാനാര്‍ഥികളും പ്രമുഖര്‍ തന്നെയാണ്. യു ഡി എഫിനെ മര്യാദ പഠിപ്പിക്കുകയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്പര്യമുണ്ടെന്നു കാണിച്ച് കെ പി സി സിയ്ക്ക് കത്ത് നല്‍കിയിട്ട് കാലം കുറെ ആയിട്ടും തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ഇതുവച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചക്ക് വരുമെന്നും ഒത്തുതീര്‍പ്പ്‌ ഫോര്‍മുല പ്രകാരം തന്നെ യു ഡി എഫില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് ജോര്‍ജ്ജിന്റെ പ്രതീക്ഷ. അങ്ങനെ ചില ഉറപ്പുകള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിട്ടുമുണ്ട്. ആ പ്രതീക്ഷയിലാണ് പുതിയ നീക്കം. ചെറിയ പാര്‍ട്ടി ആണെങ്കിലും ഫണ്ടിനും പിരിവിനും ഒരു കുറവും ഉണ്ടാകാനിടയില്ല. ഏറ്റവും അധികം സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ജോര്‍ജ്ജിന്റെ ജനപക്ഷം.