മൂന്നാറില്‍ മതസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യം. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മത സംഘടനകളുടെ പ്രതിനിധികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മത ചിഹ്നങ്ങളുടെ മറവിലുള്ള കയ്യേറ്റത്തെ അനുകൂലിക്കുന്നില്ലെന്ന് മതസംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. പട്ടയമില്ലാത്ത ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍ കയ്യേറ്റത്തെ അനുകൂലിക്കുന്നില്ല.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി സംഘടനകള്‍ വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ മതസംഘടനകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകരുമായും മാധ്യമപ്രവര്‍ത്തകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
മൂന്നാറില്‍ പ്രകൃതിക്ക് ദോഷമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റ് നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. റവന്യൂ വന നിയമങ്ങള്‍ കര്‍ശനമാക്കണം. രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു