18 മാസം കൊണ്ട് 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍

internet

സംസ്ഥാനത്തെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള പദ്ധതിയുടെ രൂപരേഖ തയ്യറായി. കെ ഫോണ്‍ അഥ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. 1,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയുടെ ചിലവ് ഇതിന് മെയ് 31ന് ചേരുന്ന കിഫ്ബി യോഗം അനുമതി നല്‍കും. പദ്ധതി നടത്തിപ്പിന്‍റെ പണവും കിഫ്ബി കണ്ടെത്തണം.
നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവർക്കു സൗജന്യമായും അല്ലാത്തവർക്കു കുറഞ്ഞ ചെലവിലും കെ-ഫോണ്‍ വഴി ഇന്‍റര്‍നെറ്റ് സേവനം ലഭിക്കും. ഗുണഭോക്താക്കളെ എങ്ങനെ കണ്ടെത്തും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്യംഖല സൃഷ്ടിച്ച് ഇന്‍റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി കെഎസ്ഇബിയും ഐടി വകുപ്പും പാത കടന്നുപോകേണ്ട സ്ഥലങ്ങളിൽ പരിശോധന നടത്തി സ്ഥലങ്ങളുടെ പ്രാഥമിക രൂപരേഖ തയാറാക്കി. പദ്ധതിയുടെ പൈലറ്റ് പ്രോഗ്രാം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായിരിക്കും നടത്തുക.
ഈ വർഷം അവസാനത്തോടെ സർക്കാർ സേവനങ്ങൾ എല്ലാം ഇ- സര്‍വ്വീസ് ആക്കുകയെന്നതാണ് സര്‍ക്കാറിന്‍റെ ഐടി നയം പറയുന്നത്. സാധാരണക്കാർക്ക് അതിനാല്‍ തന്നെ സർക്കാരിന്റെ സേവനങ്ങളും വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളും തടസമില്ലാതെ ലഭിക്കാൻ കെ-ഫോണ്‍ പദ്ധതി വഴിയൊരുക്കുമെന്ന് കരുതുന്നു.
പദ്ധതിയുടെ ഭാഗമായി അക്ഷയകേന്ദ്രങ്ങൾ, സർക്കാർ ഓഫിസ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ട്.