കോഴഞ്ചേരിയിൽ ബസ് ജീവനക്കാരെ മർദിച്ചെന്ന് പരാതി

blood

യാത്രയ്ക്കിടെ സ്വകാര്യ ബസ് ജീവനക്കാരെ ഏതാനും പേർ കൂട്ടം ചേർന്നു മർദിച്ചതായി പരാതി. 2 സംഭവങ്ങളിലായി പരുക്കേറ്റ ബസ് ജീവനക്കാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി ഇന്നലെ ഉച്ച കഴിഞ്ഞ് 2 മണിയോടെ തോട്ടപ്പുഴശേരി പഞ്ചായത്തിലെ പനച്ചേരിമുക്ക് ജംക്‌ഷനിലായിരുന്നു ആദ്യ സംഭവം. കറുകച്ചാലിൽനിന്ന് കോഴഞ്ചേരിയിലേക്ക് വരികയായിരുന്ന എം ആൻഡ് എം ബസ് ജീവനക്കാർക്കും ഏതാനും ചില യാത്രക്കാർക്കുമാണ് മർദനമേറ്റതായി പരാതി ഉയർന്നത്. ഇവിടെ വ്യാപാര സ്ഥാപനത്തിനു സമീപം കിടന്ന വാഹനത്തെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തെ ഇടിക്കാൻ തുടങ്ങി എന്നാരോപിച്ച് സ്കൂട്ടർ യാത്രക്കാർ ബസിനു പിന്നാലെ എത്തി മാരമണ്ണിൽ ബസ് തടഞ്ഞ് അസഭ്യം പറയുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

ഇതിന് ശേഷം 2.30ന് കോഴഞ്ചേരിയിൽനിന്ന്് പുറപ്പെട്ട ബസ് പനച്ചേരി ജംക്‌ഷനിലെത്തിയപ്പോൾ ബസ് തടഞ്ഞ സംഘം ഡ്രൈവർ ആശിഷ് (42), കണ്ടക്ടർ ശരത് (28) എന്നിവരെ മർദിക്കുകയായിരുന്നുവെന്ന് കോയിപ്രം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏതാനും യാത്രക്കാർക്കും അക്രമികളുടെ മർദനമേറ്റതായി പരാതിയുണ്ട്. സംഭവത്തിൽ ഏതാനും പേർക്കെതിരെ കേസെടുത്തതായി എസ്എച്ച്ഒ ആർ.പ്രകാശ് അറിയിച്ചു.