ഡാലസ് : അമേരിക്കയിലെ കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടപ്പോള്‍ ടെക്‌സസ് സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ഡാലസില്‍ ഓരോ ദിവസവും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്നതായി കൗണ്ടി ജഡ്ജി മേയ് 5 ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതുവരെ ഡാലസ് കൗണ്ടിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4623 ആയി ഉയര്‍ന്നു. മേയ് 5ന് 253 കേസ്സാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്.
മേയ് 4 തിങ്കളാഴ്ച 237 ഉം, മേയ് 3 ഞായറാഴ്ച 234 കേസ്സുകളും സ്ഥിരീകരിച്ചിട്ടുണ്ട്.ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് ജഡ്ജിയുടെ വെളിപ്പെടുത്തല്‍.
മേയ് 5 ചൊവ്വാഴ്ച കോവിഡ് 19 മായി ബന്ധപ്പെട്ടു ഏഴു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 121 ആയി. കൗണ്ടിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ഹൈജീനും തുടര്‍ന്നും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മേയ് 8 വെള്ളിയാഴ്ച മുതല്‍ കുറേകൂടി നിയന്ത്രണങ്ങള്‍ക്ക് അയവ് വരുമെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു.