ജില്ലയില്‍ പ്രവാസികള്‍ക്കായുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം: മന്ത്രി കെ.രാജു

പത്തനംതിട്ട ജില്ലയില്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്കായുള്ള കോവിഡ് കെയര്‍ സെന്ററുകള്‍  സജ്ജമെന്ന്  വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം  സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ 110 കോവിഡ് കെയര്‍ സെന്ററുകളാണ് ഒരുക്കുന്നത്. ജില്ലയിലേക്കു കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വിവിധ കേന്ദ്രങ്ങളിലേക്ക് ഇവരെ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നിരീക്ഷണത്തിലാക്കുന്നവര്‍ക്കായുളള ഭക്ഷണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും എത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. താലൂക്ക്തലം മുതലുള്ള ജില്ലയിലെ എല്ലാ ആശുപത്രികളും സജ്ജമാണെന്നും ജില്ലയിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. ജില്ലയില്‍ അടഞ്ഞു കിടക്കുന്നതും ജനവാസമില്ലാത്തതുമായ വീടുകളും നിരീക്ഷണത്തിനായി ഉപയോഗിക്കാമെന്ന് മാത്യു.ടി. തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തുന്നവരെ പരിശോധനയ്ക്കുശേഷം ജില്ലയിലേക്കു കടത്തിവിടാനുള്ള നടപടികള്‍ ക്രമീകരിക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു.  ജില്ലയില്‍ ബജറ്റ് ഹോട്ടല്‍ തുടങ്ങാനായുള്ള സജ്ജീകരങ്ങള്‍ പഞ്ചായത്തുവകുപ്പും കുടുംബശ്രീയും ചേര്‍ന്ന് എത്രയുംവേഗം ഒരുക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ബജറ്റ് ഹോട്ടലുകള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള ഭക്ഷണം അവിടെ നിന്നുമെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സജ്ജമായ കോവിഡ് കെയര്‍ സെന്ററുകളുടെ പട്ടിക ചെക്ക് പോസ്റ്റുകള്‍ക്കു കൈമാറാനും അതുപ്രകാരം അതിര്‍ത്തി കടന്നെത്തുന്നവരെ ഈ കേന്ദ്രങ്ങളിലേക്കു മാറ്റണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ചെക്ക് പോസ്റ്റുകളില്‍ നിന്നുമെത്തുന്ന ആളുകളുടെ വിവരം ബന്ധപ്പെട്ട പഞ്ചായത്തു സെക്രട്ടറിമാര്‍ ജനപ്രതിനിധികളെ അറിയിക്കണമെന്ന് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, എഡിഎം അലക്‌സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ പി.ടി എബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രധാന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.