പുതിയ പരീക്ഷണങ്ങളുമായി കള്ളക്കടത്ത് സംഘങ്ങൾ;കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 20 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. കോഴിക്കോട് പുൽപ്പാടി പെരുമ്പളളി കെ.എ. ഷബീജിൽ (26) നിന്നാണ് സ്വർണം പിടികൂടിയത്.
20.58 ലക്ഷം രൂപ വില വരുന്ന 699 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. 24 കാരറ്റ് ചെയിൻ അടിവസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അബൂദബിയിൽ നിന്നുളള ഇത്തിഹാദ് എയർവേസിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മാത്യു, മനോജ്, ക്രിഷൻ കുമാർ, ഇൻസ്പെക്ടർമാരായ സന്ദീപ് കുമാർ, കപിൽദേവ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
ഒരു വർഷത്തിനിടെ പിടിച്ചത് 29 കിലോ സ്വർണം കളിപ്പാട്ടങ്ങൾ, ട്രിമ്മർ
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പുതിയ പരീക്ഷണങ്ങളുമായി കള്ളക്കടത്ത് സംഘങ്ങൾ. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു കിലോഗ്രാം സ്വർണം മുതൽ മൂന്ന് കിലോ വരെയുള്ളവയായിരുന്നു കടത്തിയിരുന്നത്. എന്നാൽ, കുറച്ച് മാസങ്ങളായി ചെറിയ തൂക്കം വരുന്നവ കടത്തുന്നവരാണ് കരിപ്പൂരിൽ പിടിയിലാകുന്നത്. ഏറ്റവും ഒടുവിൽ പിടിച്ചിരിക്കുന്നവയെല്ലാം 500 ഗ്രാമിന് താഴെയുള്ളവയാണ്. പിടിച്ചാൽ നഷ്ടം കുറയുമെന്നതാണ് പുതിയ പരീക്ഷണത്തിന്റെ പ്രധാന കാരണം. കളിപ്പാട്ടങ്ങൾ, ട്രിമ്മർ തുടങ്ങിയവയുടെ അകത്ത് ഒളിപ്പിച്ചു കടത്താനാണ് ശ്രമം. നേരത്തേ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് അകത്തായിരുന്നു ഒളിപ്പിച്ചിരുന്നത്.
ഒരു വർഷത്തിനിടെ 29.5 കിലോഗ്രാം സ്വർണമാണ് കരിപ്പൂരിൽ മാത്രം കസ്റ്റംസ് പിടികൂടിയത്. ഇതിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് 25 കേസുകളിലായി 16.5 കിലോഗ്രാമും കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം 13 കിലോയുമാണ് പിടിച്ചത്. 13 കേസുകളിലായി 107 കിലോഗ്രാം കുങ്കുമപൂവും രണ്ടുപേരിൽ നിന്നായി 794 ഗ്രാം കഞ്ചാവും എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. ഇൗ കാലയളവിൽ രണ്ട് കോടി രൂപക്ക് തുല്യമായ വിദേശ കറൻസിയും കണ്ടെത്തി.