എ കെ ജി ഭവനില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ആര്‍എസ്എസ് പ്രവർത്തകരുടെ ശ്രമം വിഫലമാക്കി . കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനില്‍ എത്തിപ്പോഴാണ് യെച്ചൂരിയെ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുവാനും അക്രമിക്കുവാനും ശ്രമിച്ചത്. എന്നാൽ ഓഫീസിലെ സിപിഐ എം പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടൽ മൂലം അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമികളെ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിൽ ഏല്പിച്ചു. 3 വര്‍ഷത്തിനിടെ 3 വട്ടം സംഘപരിവാറുകാര്‍ എ കെ ജി ഭവനുനേരെ ആക്രമണം നടത്തിയിരുന്നെങ്കിലും അകത്തുകയറി നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ആദ്യം.
വാര്‍ത്താസമ്മേളനത്തിനായി കാറില്‍ വന്നിറങ്ങിയ യെച്ചൂരിയെ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ചിലര്‍ അനുഗമിച്ചു. രണ്ടുപേര്‍ ഒന്നാം നിലയില്‍ വാര്‍ത്താസമ്മേളനം നടക്കുന്ന ഹാള്‍ വരെയെത്തി. യെച്ചൂരി ഹാളിലേക്കുള്ള കവാടത്തിലെത്തിയ ഉടന്‍ അക്രമികള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. “സിപിഐ എം രാജ്യദ്രോഹികള്‍, യെച്ചൂരി പാകിസ്ഥാനിലേക്ക് പോ, സിപിഐ എം മൂര്‍ദാബാദ്, ആര്‍എസ്സ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്” എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ഉടന്‍ തന്നെ എന്താണ് ചെയ്യുന്നതെന്ന് യെച്ചൂരി ആരാഞ്ഞു. യെച്ചൂരിയെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ തന്നെ പാര്‍ടി പ്രവര്‍ത്തകര്‍ ഇരുവരെയും പിടികൂടി. ഒരാള്‍ താഴെ നിലയിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിന് കൈമാറി. രണ്ടാമന്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഒന്നാംനിലയിലെ മുറിയിലാണെത്തിയത്. മുറിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ ഇയാളെ അകത്തുനിന്നു പൂട്ടി. തുടര്‍ന്ന് ഇവരെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.
ഭാരതീയ ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് അറസ്റ്റിലായ ഉപേന്ദ്ര കുമാറും പവന്‍ കൌളും പറഞ്ഞതായി പൊലീസ് പറഞ്ഞു. അക്രമികളെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ബിജെപിക്കെതിരെ നിലപാടെടുത്താല്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് പിടിച്ചുകൊണ്ടുപോകും വഴി ഇവര്‍ വാര്‍ത്താ ലേഖകരോട് വാര്‍ത്താലേഖകരോട് പറഞ്ഞു.
ഡല്‍ഹി പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ എ കെ ജി ഭവനില്‍ തെളിവെടുത്തു. സിപിഐ എം നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇത്തരം ആക്രമണങ്ങള്‍ സംഘപരിവാറിന്റെ രീതിയാണെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സിപിഐ എം സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തില്‍ എ കെ ജി ഭവനിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. അതോടൊപ്പം കശ്മീരില്‍ അക്രമം നേരിടാന്‍ യുവാക്കളെ മനുഷ്യകവചമാക്കിയതിനെതിരെ പീപ്പിള്‍ ഡെമോക്രസി മുഖപ്രസംഗത്തിനിരെ അര്‍ണാബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ളിക് ഉള്‍പ്പെടെയുള്ള ചാനലുകള്‍ ആസൂത്രിത അസത്യപ്രചാരണങ്ങളും അക്രമികള്‍ക്ക് പ്രചോദനമായി.
കശ്മീരി യുവാക്കളെ മനുഷ്യകവചമാക്കിയ സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് പീപ്പിള്‍സ് ഡെമോക്രസിയില്‍ മുഖപ്രസംഗമെഴുതിയതാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ കാരണമെന്ന് ഭാരതീയ ഹിന്ദു സേന തലവന്‍ വിഷ്ണ ഗുപ്ത പറഞ്ഞു. സിപിഐ എം സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്നതിനെതിരെയാണ് പ്രതിഷേധിച്ചതെന്ന് തങ്ങളുടെ പ്രവര്‍ത്തകരെ ഓഫീസിലുള്ള തല്ലിച്ചെന്നും വിഷ്ണു ഗുപ്ത പറഞ്ഞു. ഗോമാംസം വിളമ്പുന്നുവെന്നാരോപിച്ച് ഡല്‍ഹി കേരള ഹൌസില്‍ അക്രമം നടത്തിയ ക്രിമനല്‍ സംഘത്തെ നയിച്ചത് വിഷ്ണു ഗുപ്തയായിരുന്നു.