കേരളാ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

K M Mani

കേരളാ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സീറ്റ് വിട്ടുനല്‍കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. മുന്നണിയുടെ പൊതു താതപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഇതൊരു പ്രത്യേക കേസായി കണക്കിലെടുത്താണ് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാണിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വീണ്ടും ഒഴിവുവരുമ്ബോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ ധാരണയായത് ലീഗിന്‍റെ ശക്തമായ ഇടപെടലായിരുന്നു. മാണിയേയും കൂട്ടരെയും മുന്നണിയിലേക്ക് മടക്കിക്കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അതിന് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു. കേരളാ കോണ്‍ഗ്രസും ലീഗും വിട്ടുവീഴ്ചകള്‍ക്ക് തയാറാകാതെ നിലപാടിലുറച്ച്‌ നിന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടി വരുകയായിരുന്നു.