വയനാട്ടിലുള്ള ഓരോ വ്യക്തിക്കുമായി തന്റെ വാതില്‍ തുറന്നുകിടക്കുമെന്ന് രാഹുല്‍ ഗാന്ധി

rahul uae

വയനാട്ടിലുള്ള ഓരോ വ്യക്തിക്കുമായി തന്റെ വാതില്‍ തുറന്നുകിടക്കുമെന്ന് ഇന്ന് വയനാട് സന്ദര്‍ശനത്തിനെത്തിയ എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം എന്ന സ്ഥിതിക്ക് തന്റെ മണ്ഡലമായ വയനാടിന്റെ മാത്രമല്ല, കേരളത്തെ മൊത്തം പ്രതിനിധീകരിക്കുക തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ ഉച്ച മുതല്‍ ഞായറാഴ്ച വരെ കേരളത്തിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കാണുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സംസ്ഥാനത്തെ സംബന്ധിച്ച അവസ്ഥ കൂടുതല്‍ അറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ പറഞ്ഞു. രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. ഇന്ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുലിനെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. അതിന് ശേഷം വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി പോയി.

മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ ആയിരുന്നു ആദ്യം ഒരുക്കിയ സ്വീകരണം, വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി. ശക്തമായ മഴ ഉണ്ടായിരുന്നു എങ്കിലും അത് സ്വീകരണ കേന്ദ്രത്തിലെ പങ്കാളിത്തത്തെ ബാധിച്ചതേയില്ല.