കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ആവേശം പകർന്നുകൊണ്ട് , പ്രതിരോധനിര താരം സന്ദേശ് ജിങ്കാനെ ടീമിൽ നിലനിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിർത്തിയതിനു പിന്നാലെയാണ് ജിങ്കാനെയും നിലനിർത്താനുള്ള തീരുമാനം. ഇക്കാര്യം സന്ദേശ് ജിങ്കാൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.
കേരളത്തിലെ ഫുട്ബോൾ ആരാധകർ നൽകിയ സ്നേഹവും പിന്തുണയും ജീവിതത്തിന്റെ അവസാനം വരെ ഓർമിക്കുമെന്ന് വ്യക്തമാക്കിയ ജിങ്കാൻ, ഇത് അവസാനിക്കാതിരിക്കട്ടെയെന്നും കുറിച്ചു. താരലേലത്തിനു മുൻപ് രണ്ട് സീനിയർ താരങ്ങളെയും മൂന്ന് അണ്ടർ–21 താരങ്ങളെയും നിലനിർത്താനാണ് ഓരോ ഫ്രാഞ്ചൈസിക്കും അനുവാദമുണ്ടായിരുന്നത്. ഇതനുസരിച്ച് വിനീതും ജിങ്കാനും ടീം നിലനിർത്തുന്ന സീനിയർ താരങ്ങളാകും. അണ്ടർ–21 താരങ്ങളിൽ കോഴിക്കോട് സ്വദേശി കെ. പ്രശാന്തിനെ നിലനിർത്തുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.