പിടിച്ചെടുക്കുന്ന മാംസം പശുവിന്റേതു തന്നെയോ എന്ന് തിരിച്ചറിയുന്ന പ്രത്യേക തരം കിറ്റുമായി മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് വിഭാഗം. 30 മിനുട്ടിനകം മാംസത്തിന്റെ ഇനം തിരിച്ചറിയുന്ന കിറ്റ് അടുത്ത മാസത്തോടെ മഹാരാഷ്ട്ര പോലീസിന് ലഭിക്കും. പശുവിനെയും പശുക്കുട്ടിയെയും അറുക്കുന്നത് നിരോധിച്ച മഹാരാഷ്ട്രയില്‍, ഇവയുടെ മാംസം വ്യാപകമായി ലഭ്യമാണെന്ന പ്രചരണങ്ങള്‍ക്കിടെയാണ് പുതിയ സംവിധാനവുമായി അധികൃതര്‍ രംഗത്തു വന്നിരിക്കുന്നത്.
നിലവില്‍ സംശയാസ്പദമായ തരത്തില്‍ മാംസം പിടികൂടിയാല്‍ ഫോറന്‍സിക് പരിശോധനക്കയക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇതിന്റെ ഫലമറിയാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ പുതിയ കിറ്റ് ലഭ്യമാകുന്നതോടെ പരിശോധന 30 മിനുട്ട് കൊണ്ട് പൂര്‍ത്തിയാകുമെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ കൃഷ്ണ കുല്‍ക്കര്‍ണി പറയുന്നു.
8,000 രൂപയോളം വിലവരുന്ന കിറ്റ് 45 ഫോറന്‍സിക് വാഹനങ്ങള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ നല്‍കുക. ഒരു കിറ്റില്‍ കുറഞ്ഞത് നൂറ് സാംപിളെങ്കിലും പരിശോധിക്കാന്‍ കഴിയും. പ്രാഥമിക പരിശോധനയില്‍ പശുമാംസമാണെന്ന് തെളിഞ്ഞാല്‍ മാംസം ഡി.എന്‍.എ പരിശോധനക്ക് അയക്കുമെന്നും കുല്‍ക്കര്‍ണി പറഞ്ഞു.