ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എഫ് ബി അഡ്മിനുകള്‍ക്കെതിരെ കേസ്

bar

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ( ജി എന്‍ പി സി ) എന്ന ഫേസ്ബുക് അഡ്മിനുകള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കേസ് എടുത്തു.അഡ്മിന്‍ ടി എല്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് കേസ് .അജിത് കുമാറും വിനീതയും ഒളിവിലാണ്. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്‌. 18 ലക്ഷം അംഗങ്ങളാണ് ജി എന്‍ പി സിയിലുള്ളത്. ജി എന്‍ പി സി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ലെന്ന് അഡ്മിന്റേതായി കുറിപ്പും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏതൊക്കെയാണ് പുതിയ ബ്രാന്‍ഡുകള്‍, എങ്ങനെ മദ്യപിക്കണം, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എന്‍ പി സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.