മുക്കാല്‍ കിലോയോളം ബ്രൗണ്‍ഷുഗറുമായി 2 പേർ അറസ്റ്റിൽ

drugs

ലക്ഷങ്ങള്‍ വിലമതിക്കുന്ന മുക്കാല്‍ കിലോയോളം ബ്രൗണ്‍ഷുഗറുമായി ശ്രീലങ്കന്‍ സ്വദേശി അടക്കം രണ്ടു പേരെയാണ് കൊച്ചിയിൽ സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ജാഫ്ന സ്വദേശി ശ്രീദേവന്‍ (57), സഹായിയും ചെന്നൈ റോയല്‍പേട്ട് സ്വദേശിയുമായ ഷാഹുല്‍ ഹമീദ് (36) എന്നിവരാണ് പൊലീസ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസിപി ടി.ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് ഒരു കോടിയിലധികം രൂപ വിലവരുന്ന വൈറ്റ് ഹെറോയിനാണു ഇവരില്‍ നിന്ന് പിടികൂടിയത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കെമിക്കല്‍ ലഹരി മരുന്നുകള്‍ വന്‍തോതില്‍ കടത്തുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായതെന്നും ശ്രീലങ്കയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ ചെന്നൈയിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ഇടപാടുകാര്‍ എന്ന രീതിയില്‍ ഒരാഴ്ചയോളം ചെന്നൈയില്‍ തങ്ങിയ ഷാഡോ ടീം, ലഹരിമരുന്നു വില്‍ക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ഥി സംഘവുമായി കച്ചവടം ഉറപ്പിച്ച ശേഷം മടങ്ങുകയും പ്രതികള്‍ ലഹരിമരുന്നുമായി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.