Thursday, March 28, 2024
HomeNationalഉടൽ മണ്ണിനും ഉയർ തമിഴിനും നൽകിയ മുത്തുവേൽ കരുണാനിധി

ഉടൽ മണ്ണിനും ഉയർ തമിഴിനും നൽകിയ മുത്തുവേൽ കരുണാനിധി

ഉടൽ മണ്ണിനും ഉയർ തമിഴിനും നൽകിയ ജീവിതം. രാഷ്ട്രീയം, സാഹിത്യം, സിനിമ എന്നിങ്ങനെ കൈവച്ച ഭുമികകളിലെല്ലാം രാജാവായി വാണ ദ്രാവിഡ രാഷ്ട്രീയ തലവൻ. ദേശീയ രാഷ്ട്രീയത്തെ പോലും ഇളക്കി മറിച്ച നേതാവ്.  തെന്നിന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായൻ മുത്തുവേൽ കരുണാനിധിക്കുള്ള ചില വിശേഷണങ്ങൾ മാത്രം.  വെള്ളകുപ്പായവും മഞ്ഞഷാളും കറുത്ത കണ്ണടയും അടയാളമായിരുന്ന കലൈജ്ഞർ കരുണാനിധി കാല യവനികയിൽ മറഞ്ഞിരിക്കുന്നു.

കലൈഞ്ജർ എന്ന് അറിയപ്പെട്ടിരുന്ന എം. കരുണാനിധി തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രി, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവ് തുടങ്ങിയ നിലകളിൽ തമിഴ് മണ്ണിന്റെ നെഞ്ചില്‍ തങ്കലിപികളില്‍ ചരിത്രം സൃഷ്ടിച്ചതിനു ശേഷമാണു വിടവാങ്ങിയത്. ജീവിതത്തിലും രാഷ്ട്രീയത്തിലും പലവട്ടം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും അക്ഷോഭ്യനായി നിന്ന നേതാവാണ് അദ്ദേഹം.”കാലത്തിന്റെ കട്ടായം”,അപ്പോഴെല്ലാം അദ്ദേഹം പറയും. അതെ, അദേഹത്തെ പോലെ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച മറ്റൊരു രാഷ്ട്രീയക്കാരന്‍ തമിഴ്നാട്ടില്‍ ഉണ്ടാവില്ല.

മുപ്പത്തി മൂന്നാം വയസ്സില്‍ കുഴിത്തലയില്‍ നിന്ന് എം എല്‍ എ ആയി വിജയിച്ച കരുണാനിധി പതിമൂന്നു തവണ എം എല്‍ എ ആയി.  1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 1969-71, 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ്‌ നേടിയിരുന്നത്.

ജനനം മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി നാകപട്ടണം ജില്ലയിൽ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ . ദക്ഷിണാമൂർത്തിയെന്നായിരുന്നു അച്ഛനമ്മമാർ അദ്ദേഹത്തിന് നൽകിയ പേര്. സ്കൂൾ കാലത്തു തന്നെ നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ തിളങ്ങി നിന്ന വ്യക്തിത്വം . ജസ്റ്റിസ് പാർട്ടി പ്രവർത്തനങ്ങളിലും അതിന്റെ മുന്നണി പ്രവർത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങി. വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറു മലർച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് സംസ്ഥാനമ മുഴുവൻ വ്യാപിച്ച വിദ്യാർത്ഥി കഴകമായി മാറി.

കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.

അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തിൽ 1949 ൽ മോഡേൺ തിയേറ്റേഴ്സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി. മോഡേൺ തിയറ്റേവ്സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംബാഷണവും രചിച്ചു. എല്ലിസ്.ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി.

ഒമ്പത് പതിറ്റാണ്ടു പിന്നിട്ട ജീവിതംകൊണ്ട് മുത്തുവേല്‍ കരുണാനിധി മാറ്റിയെഴുതിയത് തമിഴക രാഷ്ട്രീയത്തിന്റെ തലയിലെഴുത്ത് തന്നെയായിരുന്നു. തമിഴ് രാഷ്ട്രീയ, സാംസ്കാരിക, പോരാട്ട ചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസ ജീവിതം. വിജയങ്ങളുടെ പടിക്കെട്ടുകള്‍ ഓരോന്നായി താണ്ടിയത് രാഷ്ട്രീയതന്ത്രങ്ങള്‍കൊണ്ട് സ്വയം വെട്ടിയൊരുക്കിയ വഴിത്തടങ്ങളിലൂടെയും. ദ്രാവിഡരാഷ്ട്രീയത്തിലെ അതികായപരമ്പരയില്‍ തലയെടുപ്പോടെ അവശേഷിച്ച വന്മരമാണ് ചരിത്രത്തിലേക്ക് മറയുന്നത്. ആകാശംമുട്ടെ വളര്‍ന്നും പടുകുഴിയിലേക്ക് കൂപ്പുകുത്തിയും കടന്നുപോയ രാഷ്ട്രീയ ജീവിതത്തിനിടെ മുത്തുവേല്‍ കരുണാനിധി എന്ന രാഷ്ട്രീയ ചാണക്യന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്ന് ജനങ്ങളുടെ ശക്തിയെക്കുറിച്ചുള്ള ഉത്തമബോധ്യമായിരുന്നു. തമിഴ്ജനതയുടെ ജനിതകഘടനയിലേക്ക് ദ്രാവിഡരാഷ്ട്രീയത്തിന്റെ നാശമില്ലാത്ത വിത്തുകള്‍ പാകി മുളപ്പിച്ചു അതേ കരുണാനിധി. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയധാരയില്‍ സവര്‍ണമേല്‍ക്കോയ്മയുടെ അപകടം കണ്ട് ദ്രാവിഡപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തിയ തലമുറയിലെ അവസാന കണ്ണി.സംസാരഭാഷ സംസ്ഥാനങ്ങള്‍ക്ക് അതിരാകുന്നതിനും വളരെമുമ്പേ ചെന്തമിഴിന്റെ മൊഴിക്കണ്ണികള്‍ കൊണ്ട് പരകോടി ജനങ്ങളെ ചേര്‍ത്തുകെട്ടി കരുണാനിധിയും കൂട്ടരും. ഹിന്ദി വിരുദ്ധ പ്രക്ഷോഭവും കല്ലക്കുടി സമരവും മുക്കാല്‍ നൂറ്റാണ്ടായി മുഴങ്ങുന്ന മുരശൊലിയും കലൈഞ്ജറുടെ രാഷ്ട്രീയ ആയുധങ്ങള്‍ മാത്രമായിരുന്നില്ല. അതിലെല്ലാം തമിഴ് സംസ്ക്കാരത്തിന്റെ സംരക്ഷണമെന്ന ആന്തരാര്‍ഥവും സമര്‍ഥമായി വിളക്കിച്ചേര്‍ത്തിരുന്നു.ഒരു ഭരണാധികാരി എന്ന നിലയില്‍ തമിഴ്നാടിനെ മുന്‍നിര സംസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു. കാമരാജ് തുടങ്ങി വെച്ച വ്യവസായവല്‍ക്കരണവും കര്‍ഷകാഭിമുഖ്യ പരിപാടികളും അദ്ദേഹത്തിന്‍റെ ഭരണത്തില്‍ ശക്തമായി .2006ല്‍ 7000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളികൊണ്ടാണ് കരുണാനിധി ഭരണം തുടങ്ങുന്നത് തന്നെ. വ്യവസായ പാര്‍ക്കുകള്‍ മുതല്‍ മെട്രോ വരെ എല്ലാത്തിലും തന്നെ അദ്ദേഹത്തിന്‍റെ കൈയൊപ്പ്‌ കാണാം. നിയമസഭയിലും വെളിയിലും മുഴങ്ങുന്ന ഏവരെയും ആകര്‍ഷിക്കുന്ന പ്രസംഗത്തിന്റെ ഉടമയായിരുന്നു എം കരുണാനിധി. തന്റെ അനുഭവവും പരിചയവും സാഹിത്യത്തിലും കലയിലുമുള്ള അറിവുമെല്ലാം ആ പ്രസംഗങ്ങളില്‍ പ്രതിഫലിച്ചിരുന്നു . തമിഴ് ക്ലാസിക്കുകള്‍ അനായാസമായി അദ്ദേഹത്തിന്‍റെ വിരല്‍ തുമ്പിലൂടെ ഒഴുകിയിരുന്നു.  ‘എൻ ഉയിരിനും മേലാന ഉടൻപിറപ്പുകളെ’ എന്ന വിപ്ലവം വാക്കുകളിൽ നിറച്ച ഒരു തിരകഥാകൃത്തേ ഉള്ളൂ തമിഴകരാഷ്ട്രീയത്തിൽ. സ്വന്തം ജീവിത കഥയെ ‘തെൻട്രലൈ തീണ്ടിയതില്ലൈ – ആനാൽ തീയൈ താണ്ടിയിരിക്കേൻ’ എന്ന് കരുണാനിധി രണ്ടു വരി കാവ്യമാക്കി. തെന്നലിനെ തഴുകിയിട്ടില്ല ഞാൻ, പക്ഷേ തീക്കനൽ താണ്ടിയിട്ടുണ്ട്. ദ്രാവിഡ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് മുത്തുവേൽ കരുണാനിധി വിടവാങ്ങുന്നതോടെ അവസാനിക്കുന്നത്. അഭ്രപാളികളിൽ അദ്ദേഹം ഒരു അത്ഭുതമായി അവശേഷിച്ചു. സർവ്വോപരി ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതി. ഒരു പക്ഷെ കാമരാജിന് ശേഷം തമിഴ്‌നാട് കണ്ട അഖിലേന്ത്യ നേതാവ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments