ശ്രീറാം വെങ്കട്ടരാമനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന ഐഎഎസുകാരന്‍ ശ്രീറാം വെങ്കട്ടരാമനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍.

മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ഓടിച്ചത് . ആ സമയത്ത് വണ്ടി ഓടിക്കാനിടയായ സാഹചര്യം മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘അമിത വേഗത്തില്‍ വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തി .ഇക്കാര്യത്തില്‍ പരിശോധന നടത്തും . നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത് . കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരേയും വെറുതെ വിടില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

‘അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു. എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടത്തുമെന്നും’ പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു .