ആര്‍ എസ് എസിനെതിരെ എഴുതിയിരുന്നില്ലെങ്കില്‍ ഗൌരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് ബിജെപി എം എല്‍ എയും മുന്‍ മന്ത്രിയുമായിരുന്ന ജീവരാജ്. ഗൌരിയുടെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കവെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപിയുടെ എംഎല്‍എ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
യുവമോര്‍ച്ചയുടെ മംഗളൂരു ചലോ പരിപാടിക്കു മുന്നോടിയായി കൊപ്പയില്‍ പാര്‍ട്ടി പൊതുസമ്മേളനത്തില്‍ സംസാരിക്കവെ മുതിര്‍ന്ന ബിജെപി നേതാവുകൂടിയായ ജീവരാജ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപെടുമ്പോള്‍ ഈ ഗൌരി ലങ്കേഷിന് മിണ്ടാട്ടമില്ലായിരുന്നു. അന്ന് അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ അവര്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നില്ലെ.
അവര്‍ നമ്മുടെ സഹോദരിയല്ലെ. ഗൌരി ലങ്കേഷ് അവരുടെ പത്രത്തില്‍ ചഡ്ഡികള മരണ ഹോമ (സംഘപരിവാറിന്റെ മരണ ഹോമം) എന്ന് എഴുതിയില്ലായിരുന്നെങ്കില്‍ ഇന്നും അവര്‍ ജീവനോടെ ബാക്കിയുണ്ടാകുമായിരുന്നില്ലെ ജീവരാജ് ചോദിച്ചു. ജീവരാജിന്റ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറുകാര്‍ തന്നെ ആഘോഷിക്കുന്നുണ്ട്. കല്‍ബുര്‍ഗിയുടെത് സമാനമായ കൊലപതകത്തില്‍ സംശയത്തിന്റെ മുന സംഘപരിവാറിലേക്കാണ്.