Sunday, October 13, 2024
HomeKeralaപാലാ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യുഡിഎഫില്‍ വീണ്ടും പോര്

പാലാ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യുഡിഎഫില്‍ വീണ്ടും പോര്

പാലാ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യുഡിഎഫില്‍ വീണ്ടും പോര്. കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ജോസ് ടോമിന് ഔദ്യോഗിക ചിഹ്നമായ രണ്ടില ലഭിക്കാത്തതിനു പുറമെ, പി ജെ ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ ജോസ് കെ മാണി പക്ഷം അപമര്യാദയോടെ പെരുമാറിയെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്ന് പി ജെ ജോസഫ് വിഭാഗം ജില്ലാ ഘടകം ഇത്തരമൊരു തീരുമാനമെടുത്തത്. ജില്ലാ ഘടകത്തിന്റെ തീരുമാനം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിനെ അറിയിച്ചതായും വിവരമുണ്ട്. ജോസ് ടോമിനു വേണ്ടി തനിച്ച് പ്രചാരണം നടത്തുമെന്നും വിഷയത്തില്‍ യുഡിഎഫ് അടിയന്തിരമായി ഇടപെടണമെന്നും ജോസഫ് വിഭാഗം ജില്ലാ നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. യോഗത്തില്‍ അപമര്യാദയോടെ പെരുമാറിയത് ജോസ് കെ മാണി വിഭാഗക്കാരായ 25 പേര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ജോസ് ടോമിന് കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഇന്ന് വൈകീട്ടോടെയാണ് എന്താണ് ചിഹ്നം എന്നതിനെ കുറിച്ച് അന്തിമതീരുമാനമുണ്ടാവുക. ആപ്പിളിനാണു സാധ്യത കൂടുതല്‍. ഇതിനിടെയാണ് പാര്‍ട്ടിയെയും യുഡിഎഫിനെയും ഞെട്ടിച്ച് കടുത്ത തീരുമാനവുമായി പി ജെ ജോസഫ് വിഭാഗം ജില്ലാഘടകം രംഗത്തെത്തിയത്. മറുപക്ഷമാവട്ടെ, യോഗത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് നിഷേധിക്കാനും തയ്യാറായിട്ടില്ല. ചിഹ്നം നഷ്ടപ്പെട്ടെന്ന വിവരം പുറത്തുവന്ന ദിവസമാണ് യോഗത്തില്‍ വികാരപ്രകടനം ഉണ്ടായതെന്നാണ് ഇവരുടെ നിലപാട്. ചിഹ്നം ലഭിച്ചില്ലെങ്കിലും എന്തു പ്രതിസന്ധിയുണ്ടായാലും വിജയം ഉറപ്പാണെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു. കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്നായിരുന്നു സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വരെ നീണ്ട നാടകീയരംഗങ്ങള്‍ തുടരുകയാണ്. എല്‍ഡിഎഫിനു വേണ്ടി മാണി സി കാപ്പനാണ് ജനവിധി തേടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments