കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവില്‍പ്പനക്കമ്പനികളിലൊന്നായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു.
പാര്‍ട്ടി ഭേദമില്ലാതെ മുഴുവന്‍ തൊഴിലാളി യൂനിയനുകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആര്‍എസ്എസിന്റെ കീഴിലുള്ള മസ്ദൂര്‍ സംഘ് ഉള്‍പ്പെടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ബിപിസിഎല്ലിന്റെ പല റിഫൈനറികള്‍ക്കു മുന്നിലും ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യമുമായി തൊഴിലാളികള്‍ രംഗത്തിറങ്ങി.
സ്വകാര്യവല്‍ക്കരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ എന്ത് ചെയ്യണമെന്നാലോചിക്കാന്‍ സപ്തംബര്‍ 28ന് മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ 17ഓളം തൊഴിലാളി സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തത്.
അതേ സമയം, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നതായാണ് സൂചന. ഭാരത് പെട്രോളിയം ഉള്‍പ്പെടെ അഞ്ച് പൊതുമേഖലാ കമ്പനികള്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞ തിങ്കാളാഴ്ച്ച സര്‍ക്കാര്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഇത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഏത് വിധേനയും ധനസമാഹരണം നടത്താനുള്ള ശ്രമത്തിലാണ്. 53 ശതമാനത്തിലേറെ ഓഹരിയാണ് നിലവില്‍ ഭാരത് പെട്രോളിയത്തില്‍ സര്‍ക്കാരിനുള്ളത്. ഇത് പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്കു നല്‍കുന്നതോടെ ഇന്ധന വിലയില്‍ സര്‍ക്കാരിന് ഇടപെടാനുള്ള എല്ലാ അവസരവും ഇല്ലാതാവും.
ഊര്‍ജത്തിന്റെ ആവശ്യകത വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ സൗദിയുടെ അരാംകോയും ഫ്രാന്‍സിന്റെ ടോട്ടലുമൊക്കെ കണ്ണുവച്ചിട്ടുണ്ട്. എണ്ണവിലയിലുള്ള നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് ഈ മേഖലയില്‍ വിദേശകമ്പനികളുടെ താല്‍പര്യം വര്‍ധിച്ചത്. ഈ സാഹചര്യം മുന്നില്‍കണ്ടാണ് ഭാരത് പെട്രോളിയം സ്വന്തമാക്കാന്‍ റിലയന്‍സ് ശ്രമം തുടങ്ങിയിരിക്കുന്നത്.
ആഗസ്ത് മാസത്തില്‍ തങ്ങളുടെ വിവിധ വ്യാപാരങ്ങളിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വിറ്റ റിലയന്‍സ് ബ്രിട്ടീഷ് പെട്രോളിയവുമായി ചേര്‍ന്ന് ഇന്ധന വ്യാപാര കമ്പനിക്ക് രൂപം നല്‍കിയിരുന്നു. ഭാരത് പെട്രോളിയം സ്വന്തമാക്കിയാല്‍ റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ ശേഷി 34 ദശലക്ഷം ടണ്‍ വര്‍ധിക്കും. ഇന്ത്യയുടെ ഇന്ധന വില്‍പ്പന വിപണിയുടെ 25 ശതമാനം റിലയന്‍സിന്റെ കൈയിലാവുകയും ചെയ്യും.
മുംബൈയിലും കൊച്ചിയിലുമുള്ള എണ്ണ ശുദ്ധീകരണ ശാലകളും അനുബന്ധ സൗകര്യങ്ങളും നിരവധി ഡിപ്പോകളുമൊക്കെ ഇതിന് പുറമേയാണ്. ബിപിസിഎല്ലിന്റെ 15,000ഓളം വരുന്ന ഔട്ട്‌ലെറ്റുകള്‍ റിലന്‍യസിന് സ്വന്തമാവുമെന്നതാണ് ഏറ്റവും പ്രധാനം.