കൂടത്തായില്‍ കൊലപാതക പരമ്പരയില്‍ കുറ്റമേറ്റുപറഞ്ഞ് ജോളിയുടെ ഭര്‍ത്താവ് ഷാജു. ജോളിയുമായി പ്രണയത്തിലായിരുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നു.
ക്രൈംബ്രാഞ്ചിനോടാണ് അദ്ദേഹത്തിന്റ കുറ്റസമ്മതം. തന്റെ ഭാര്യയെയും രണ്ടു വയസ്സുകാരി മകളെയും കൊലപ്പെടുത്താന്‍ അവസരമൊരുക്കിയത് താനാണെന്ന് ഷാജു അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് സൂചന. ജോളിയുമായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സിലിയെ ദന്താശുപത്രിയില്‍ എത്തിച്ചതെന്നും ഷാജു പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ പലപ്പോഴും ഷാജു അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആദ്യം ഷാജു കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ഷാജുവിന്റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. എസ്‌പി ഓഫീസിലായിരുന്നു ഷാജുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.
താനൊരു അധ്യാപകനാണ്. അതുകൊണ്ട് ആ പരിഗണന നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.