Monday, October 14, 2024
HomeCrimeജോളിക്ക് പിന്നാലെ സയനൈഡ് ശിവ;അതിബുദ്ധിമാനായ കൊടുംക്രിമിനൽ!

ജോളിക്ക് പിന്നാലെ സയനൈഡ് ശിവ;അതിബുദ്ധിമാനായ കൊടുംക്രിമിനൽ!

കേരളത്തെ നടുക്കിയ ജോളിക്ക് പിന്നാലെ ആന്ധ്രയെ നടുക്കി മറ്റൊരു പരമ്പര കൊലയാളി. സിംഹാദ്രിയെന്ന ശിവ (38) പ്രസാദത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി പത്തുപേരെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. 20 മാസത്തിനിടയിലാണ് കൊലപാതകങ്ങള്‍ നടത്തിയത്.

കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളും ബാക്കിയുള്ളവര്‍ പുരുഷന്‍മാരുമാണ്.നിധിതേടിയും രോഗശാന്തിക്കുമായി തന്നെ സമീപിച്ചവർക്ക് പ്രസാദത്തിൽ പൊട്ടാസ്യം സയനൈഡ് ചേർത്ത് നൽകിയാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയതെന്നു പൊലീസ് പറഞ്ഞു. സ്വന്തം മുത്തശ്ശിയും സഹോദര ഭാര്യയും വാടകക്കെട്ടിടത്തിന്റെ ഉടമയുമെല്ലാം ഉഗ്രവിഷത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

20 പേർ കൂടി തന്റെ ലിസ്റ്റിലുണ്ടായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരിൽ കായികാധ്യാപകൻ നാഗരാജുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരൻ‍ നൽകിയ പരാതിയാണ് പ്രതിയെ കുടുക്കിയത്. വീട്ടിൽ നിന്ന് പണവും സ്വർണവുമായി നാഗരാജു പോയതായി കണ്ടെത്തിയ പൊലീസ്, സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ശിവയിലേക്കെത്തിയത്.

വെല്ലങ്കി സിംഹാദ്രി (38) എന്നാണ് ശിവയുടെ യഥാർത്ഥ പേര്. ധനാകർ‍ഷണം, നിധി കണ്ടെത്തൽ, അദ്ഭുത ചികിത്സ എന്നിവയുടെ പേരിൽ ആളുകളെ ആകർഷിച്ച് വകവരുത്തുകയായിരുന്നു. ഈ കൊലപാതകങ്ങളിലെ ‘മർഡർ വെപ്പൺ’ ആയ പൊട്ടാസ്യം സയനൈഡ് എന്ന കൊടിയവിഷം ശിവയ്ക്ക് സപ്ലൈ ചെയ്ത അമീനുള്ളാ ബാബു എന്ന വിജയവാഡാ സ്വദേശിയേയും പൊലീസ് അറസ്റ്റു ചെയ്തു.

അമീനുള്ളയുടെ സഹോദരൻ ആസാദിന് നിക്കൽ പ്ലേറ്റിംഗ് വർക്ക് ഷോപ്പ് നടത്തിപ്പായിരുന്നു തൊഴിൽ. ജ്യേഷ്ഠൻ വർക്ക്ഷോപ്പിലേക്കുള്ള കെമിക്കലുകൾ വാങ്ങാൻ വേണ്ടി ചെന്നൈയിലേക്ക് ചെല്ലുമ്പോൾ സഹോദരനെ അനുഗമിക്കുമായിരുന്ന അമീനുള്ള അവിടെ നിന്ന് അയാൾ അറിയാതെ ശിവയ്ക്കുവേണ്ടി സയനൈഡ് വാങ്ങിക്കുമായിരുന്നു. എന്നിട്ട് ശിവ നൽകുന്ന വൻതുകയ്ക്ക് പകരമായി സയനൈഡ് സപ്ലൈ ചെയ്യുമായിരുന്നു. ഇങ്ങനെ മൂന്നുവട്ടമാണ് ശിവ അമീനുള്ളയിൽ നിന്ന് സയനൈഡ് വാങ്ങിയിട്ടുള്ളത്.

ഇരുതല സർപ്പവും അദ്ഭുത സിദ്ധിയുള്ള നാണയങ്ങളും തന്റെ പക്കലുണ്ടെന്ന് ഇയാൾ ഇടപാടുകാരെ വിശ്വസിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ കാവൽക്കാരനായി ജോലി ചെയ്തിരുന്ന ശിവ വസ്തുക്കച്ചവടത്തിൽ അപ്രതീക്ഷിതനഷ്ടങ്ങൾ കൈപൊള്ളിച്ചപ്പോൾ രണ്ടും കൽപ്പിച്ച് ആളെ പറ്റിക്കാനിറങ്ങുകയായിരുന്നു.

എങ്ങനെയും വട്ടിപ്പലിശയ്‌ക്കെടുത്ത് കളഞ്ഞുകുളിച്ച പണം തിരിച്ചുപിടിച്ചേ മതിയാകുമായിരുന്നുള്ളൂ അയാൾക്ക്. കയ്യിലുള്ള പണം ഇരട്ടിപ്പിച്ചു നൽകാം, ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെടുത്തു നൽകാം എന്നൊക്കെ പറഞ്ഞുമോഹിപ്പിച്ചായിരുന്നു സയനൈഡ് ശിവയുടെ ഓപ്പറേഷനുകൾ.മരിച്ചവരുടെ ദേഹത്ത് മുറിവുകളോ മറ്റോ ഇല്ലാത്തതിനാൽ ബന്ധുക്കൾ സ്വാഭാവിക മരണമാണെന്നു കരുതിയത് നിഷ്ഠുര കൃത്യത്തിനു മറയായി.

2018 ജനുവരിയിലാണ് കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകം നടന്നത്. 2018 മാർച്ചിൽ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതാണ്. 1.6 ലക്ഷം രൂപയും 26 സ്വര്‍ണ നാണയങ്ങളും ഇയാളില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. എന്നാൽ വീട്ടുകാർ ഇതൊരു കൊലപാതകമാണെന്ന് അന്നു സംശയിച്ചില്ല. അതുമൂലം പ്രതി ജാമ്യത്തിലിറങ്ങി. മരണകാരണം സയനൈഡ് ആണോയെന്ന് സ്ഥിരീകരിക്കാനായി നാലുപേരുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാനുളള ശ്രമത്തിലാണ് പോലീസ്. നാലുപേരുടെ മരണമാണ് ആദ്യ ഘട്ടത്തില്‍ പോലീസ് അന്വേഷണത്തിന് വിധേയമാക്കുന്നത്.

ശിവയുടെ ഫോൺ റെക്കോർഡുകൾ വിശദമായിത്തന്നെ വിശകലനം ചെയ്ത പൊലീസിന് മറ്റൊരു കാര്യം കൂടി മനസ്സിലായി. തങ്ങൾ ചെയ്തിരിക്കുന്നത് പത്ത് കൊലപാതകക്കേസുകൾക്ക് തുമ്പുണ്ടാക്കുക മാത്രമല്ല, സമീപഭാവിയിൽ നടന്നേക്കുമായിരുന്ന പത്തിലധികം കൊലപാതകങ്ങൾ തടയുകയും, പത്തു ജീവനുകൾ പൊലിയുന്നതിൽ നിന്ന് കാക്കുകയും കൂടിയാണ് എന്ന സത്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments