തൃശ്ശൂരില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. വിപിന്‍ കാര്‍ത്തിക് (29) എന്നയാളാണ് പിടിയിലായത്. പാലക്കാട് തത്തമംഗലത്ത് വെച്ച് ചിറ്റൂര്‍ പോലീസ് ബുധനാഴ്ച രാത്രിയാണ് ആണ് ഇയാളെ പിടികൂടിയത്. പിന്നീട് ഗുരുവായൂര്‍ പോലീസിന് പ്രതിയെ കൈമാറി.
വിപിന്റെ അമ്മ തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമളയെ(58) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ വ്യാജ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി തട്ടിപ്പുനടത്തിയിരുന്നു. ഇരുവരും ഐപിഎസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്.
അമ്മയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ അറസ്റ്റ് ചെയ്തപ്പോള്‍ വിപിന്‍ പോലീസിനെ വെട്ടിച്ച് പിന്‍വാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടുപേരും വ്യാജ ശമ്ബളസര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍നിന്നായി 12 ആഡംബരക്കാറുകള്‍ക്കാണ് വായ്പയെടുത്തത്. ഇത് മൊത്തം രണ്ടുകോടിയോളം രൂപ വരുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറംലോകമറിയുന്നത്.
ഇവിടെ നിന്നു മാത്രം രണ്ടുപേരും രണ്ട് കാറുകള്‍ക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജര്‍ കൊല്ലം സ്വദേശിയായ സുധാദേവിയില്‍ നിന്ന് 97 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്.