ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയായ മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചു. മുഹമ്മദ് ഭട്ട ഷെയ്ഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണു സംഭവം. യുവാവിനെ മർദിച്ചു കത്തിക്കുന്നത് വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശംഭുലാൽ എന്നയാളെ അറസ്റ്റു ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന എട്ടു പേരെയും ഒരു യുവതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘ലവ് ജിഹാദ്’ നടത്തുന്ന എല്ലാവർക്കും ഇതായിരിക്കും ഗതിയെന്ന്, കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തിനു തൊട്ടടുത്തുനിന്ന് ശംഭുലാൽ ഭീഷണി മുഴക്കുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ നടുക്കം രേഖപ്പെടുത്തി. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതായി മന്ത്രി അറിയിച്ചു. ബുധനാഴ്ചയാണു രാജ്സമന്ദിലെ ഒരു ഹോട്ടലിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് വിഡിയോ വൈറലായത്. ഈ വിഡിയോ പരിശോധിച്ചതിനെത്തുടർന്നാണു പ്രതിയെ പിടികൂടിയത്. ഹിന്ദു പെൺകുട്ടികൾക്ക് ‘ലവ് ജിഹാദ്’ സംബന്ധിച്ച മുന്നറിയിപ്പു നൽകുന്ന ലഘുലേഖകൾ അടുത്തിടെ മേഖലയിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
യുവാവിനെ ജീവനോടെ തീ കൊളുത്തി കൊല്ലുന്നത് വിഡിയോയിൽ പകർത്തിയാൾ അറസ്റ്റിൽ
RELATED ARTICLES