കുമ്പനാട് അക്ഷയകേന്ദ്രത്തിന് എതിർവശത്തെ പച്ചക്കറിക്കടയിലേക്ക് പാൽ വണ്ടി പാഞ്ഞുകയറി

kumbanad

കുമ്പനാട്ട് പാലുമായി വന്ന വാൻ നിയന്ത്രണം വിട്ട് സമീപമുള്ള കടയിലേക്കു ഇടിച്ചു കയറി. ഇന്നലെ പുലർച്ചെ 5.30ന് ടികെ റോഡിൽ കുമ്പനാട് അക്ഷയകേന്ദ്രത്തിന് എതിർവശത്തെ പച്ചക്കറിക്കടയിലേക്കാണ് വാൻ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുകളിലേക്ക് 11 കെവി ലൈനും വൈദ്യുതി തൂണും വീണത് ഏറെനേരം പരിഭ്രാന്തി പരത്തി. അപകടത്തിൽ ആളപായം ഉണ്ടായില്ല. രണ്ടുമണിക്കൂറിലേറെ ടികെ റോഡ‍ിൽ ഗതാഗതം മുടങ്ങി.വാനിന്റെ പിന്നിലെ പാൽ സൂക്ഷിക്കുന്ന കണ്ടെയ്നർ തെറിച്ചു റോഡിനു കുറുകെ വീണതാണ് ഗതാഗതം മുടങ്ങാൻ കാരണം. സമീപത്തുള്ള കെഎസ്ഇബി സബ് സ്റ്റേഷനിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനുശേഷമാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും മറ്റും നാട്ടുകാരും പൊലീസും ചേർന്നു പുറത്തെടുത്തത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടിയിൽ നിന്നു പത്തനംതിട്ട, കൊല്ലം ഭാഗങ്ങളിലെ കടകളിൽ വിതരണത്തിനായി പാലുമായി വന്ന വാനാണ് അപകടത്തിൽപെട്ടത്. ഉച്ചയോടുകൂടിയാണ് റോഡിലെ തടസ്സം മാറ്റി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത് .