കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പഠനങ്ങള്‍ സാധാരണക്കാരുടെ ഭാഷയില്‍ എഴുതപ്പെടണമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായി കാലാവസ്ഥാവ്യതിയാനവും ദുരന്തലഘൂകരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ആഘാതത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റവുമധികം നേരിടേണ്ടി വരിക സാധാരണക്കാരാണ്. വികസനത്തിന്റെ പേരില്‍ നാം ചെയ്യുന്ന പരിസ്ഥിതിദോഷ പ്രവര്‍ത്തനങ്ങളെല്ലാം ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്നതിനാല്‍ മറ്റേതു പ്രതിഭാസത്തേക്കാളും എല്ലാവരും കൂട്ടായിച്ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തെ നേരിടണം. അതിന് സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക വിധത്തിലുള്ള പഠനങ്ങളും പ്രചാരണപ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന ഹരിതകേരള മിഷന് കാലാവസ്ഥാ വ്യതിയാന മിഷനുമായി ഏറെ സാമ്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ നീര്‍ത്തട പരിപാലനം പോലുള്ള പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കണം. കുളങ്ങളും കിണറുകളും പരിപാലിക്കാനും നദികളെ വീണ്ടെടുക്കാനും പ്രാദേശിക സര്‍ക്കാരുകള്‍ കുറേക്കൂടി ജാഗ്രത കാണിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഗ്രീന്‍ ബില്‍ഡിങ് എന്ന ആശയം മനസ്സിലുണ്ടാവണം. സ്‌കൂളുകളില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനക്ലാസുകള്‍ ഏര്‍പ്പെടുത്താനും തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം. വലിയ ആശയങ്ങളെ ലഘൂകരിച്ച് കാണാതെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പിലാക്കാനുള്ള സമീപനം വേണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കാലാവസ്ഥാ വ്യതിയാന ശാസ്ത്രത്തെക്കുറിച്ച് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. കെ.കെ. രാമചന്ദ്രനും കാലാവസ്ഥാ വ്യതിയാന സംബന്ധിയായ ദുരന്തങ്ങളെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസും ക്ലാസെടുത്തു. പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് പ്രൊഫസര്‍ ഡോ. ബിജുകുമാര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡോ. പി. ഹരിനാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് സാധാരണക്കാരുടെ ഭാഷയില്‍ പഠനങ്ങളുണ്ടാവണം: ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്
RELATED ARTICLES